ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യമുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ ഗാന്ധിയുടെ പുതിയ പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) സംബന്ധിച്ച് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ ചർച്ചയിലാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.
1991ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിനു പിന്നാലെയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിതാവിന്റെ സുരക്ഷയെക്കുറിച്ച് രാഹുൽ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി. ബിഹാറിൽ തുറന്ന ജീപ്പിലിരുന്ന് രാജീവ് ഗാന്ധി പ്രചാരണം നടത്തുന്നതിനിടെ കല്ലേറുണ്ടായ സംഭവവും അവർ ഓർത്തെടുത്തു. അന്ന് പിതാവിനൊപ്പം ഉണ്ടായിരുന്ന രാഹുൽ വീട്ടിലെത്തിയ ശേഷവും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരുന്നു.
പിതാവിന്റെ സുരക്ഷ കർശനമാക്കിയില്ലെങ്കിൽ അടുത്ത തവണ നാട്ടിലെത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരത്തിനായിരിക്കുമെന്ന തോന്നലുണ്ടെന്ന് വിദേശപഠനത്തിനായി മടങ്ങുമ്പോൾ രാഹുൽ പറഞ്ഞിരുന്നതായും സോണിയ ഓർത്തെടുത്തു. ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് 1991 മേയ് 21ന് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അന്ന് ചന്ദ്രശേഖറായിരുന്നു കാവൽ പ്രധാനമന്ത്രി.
അതേസമയം, അഞ്ഞൂറിലധികം പേജുകളുള്ള പുസ്തകത്തിൽ അമ്മ ചില കാര്യങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രണയാഭ്യർഥനയും തന്റെ ഏഴാം പിറന്നാളും ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടെന്ന സോണിയ ഗാന്ധിയുടെ തീരുമാനം കുടുംബത്തിന് ആശ്വാസവും മറ്റുള്ളവർക്ക് സന്തോഷവുമാണ് നൽകിയതെന്നും രാഹുൽ ഓർത്തെടുത്തു. പഴയ ഓർമകളിലേക്കുള്ള തിരിച്ചുപോക്ക് അന്നത്തെ സന്തോഷവും ചിരിയും വേദനയും വീണ്ടും അനുഭവിപ്പിച്ചു. വലിയ സ്നേഹവും ദുരന്തങ്ങളും നിറഞ്ഞ ജീവിതയാത്രയെ അമ്മ അന്തസ്സോടെയും ധൈര്യത്തോടെയുമാണ് നേരിട്ടതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
