തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരും സൈബർ ഏറ്റുമുട്ടലും അതിരുവിടുന്നു. ഷാഫി പറമ്പിൽ എംപിയെ തള്ളിപ്പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചതിന് പിന്നാലെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെയും രൂക്ഷമായ സൈബർ ആക്രമണം. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും നേരെയാണ് അധിക്ഷേപ കമന്റുകളുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
രാജ്മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണവും തുടരുകയാണ്. അതേസമയം, ഷാഫി പറമ്പിലിനെ അനുകൂലിക്കുന്നവരെന്ന് കരുതപ്പെടുന്ന സൈബർ ഹാൻഡിലുകൾ ജെ.എസ്. അഖിലിനെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും ലക്ഷ്യമിട്ടും രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെയാണ് രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ വിമർശിച്ചും ഉമ്മൻചാണ്ടിയുടെ കുടുംബം നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ ശക്തമായത്. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകളാണ് പലരും പങ്കുവയ്ക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ഏറെ സ്നേഹിക്കുന്ന നേതാവായ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ പാർട്ടി അനുകൂലികളെന്ന് അവകാശപ്പെടുന്ന ചില ഹാൻഡിലുകളിൽനിന്നുതന്നെ ആക്രമണമുണ്ടാകുന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ വിവിധ വിഭാഗങ്ങളിലെ സൈബർ പ്രവർത്തകർ പരസ്പരം പോർവിളികളുമായി രംഗത്തെത്തിയിരുന്നു. നേതാക്കൾ തമ്മിലുള്ള തർക്കം സമൂഹമാധ്യമങ്ങളിലേക്കും വ്യാപിച്ചതോടെ സൈബർ ഏറ്റുമുട്ടലുകൾ കൂടുതൽ കടുക്കുകയായിരുന്നു.
ഇതിനിടെ, രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങളും തുടർന്നുള്ള പ്രതികരണങ്ങളും വിവാദം കൂടുതൽ വഷളാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നത് ജെ.എസ്. അഖിലിന്റെ പേരായിരുന്നുവെന്ന് ഉണ്ണിത്താൻ വെളിപ്പെടുത്തിയതോടെയാണ് അഖിലിനെതിരെയും ആക്രമണം ശക്തമായത്. ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ പ്രതികരണങ്ങളുടെ വീഡിയോകൾക്ക് താഴെയും രൂക്ഷമായ അധിക്ഷേപ കമന്റുകൾ നിറയുകയാണ്.
രാജ്മോഹൻ ഉണ്ണിത്താനെയും കെ.സി. വേണുഗോപാലിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തുടരുന്നു. നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം കുടുംബാംഗങ്ങളിലേക്കും മറ്റ് നേതാക്കളിലേക്കും വ്യാപിച്ചതോടെ കോൺഗ്രസിലെ ആഭ്യന്തര പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
