പാലക്കാട്: സ്കൂളിനുള്ളിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. തൃത്താല പരതൂർ ഹയർ സെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ പിടിയിലായ വിദ്യാർഥിയെ ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കാനാണ് നടപടി. അതേസമയം, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട ഇന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തൃത്താല പൊലീസ് ശേഖരിക്കും. സംഭവത്തിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടവും കുട്ടിയുടെ കൈവശം അത് എങ്ങനെ എത്തിയെന്നതും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമാണെന്നും 0.22 റിവോൾവർ വിഭാഗത്തിൽപ്പെട്ടതാണെന്നും പൊലീസ് വ്യക്തമാക്കി.
ഉത്തരേന്ത്യയിൽ നിർമിച്ച തോക്കാണിതെന്നും അതിനുള്ളിലെ വെടിയുണ്ട പഞ്ചാബിലാണ് നിർമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കുട്ടിയുടെ മുത്തശ്ശന്റേതാണ് തോക്കെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടിയുടെ കൈവശം എങ്ങനെ എത്തിയെന്ന കാര്യത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.
സംഭവത്തിൽ പരതൂർ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചേക്കും. തോക്ക് കുട്ടിയുടെ കൈകളിലെത്തിയ സാഹചര്യവും സ്കൂളിലെ സുരക്ഷാ വീഴ്ചകളുമടക്കം അന്വേഷണപരിധിയിലുണ്ട്.
