Home Keralaആധാർ ഇല്ല, വെറും 12 അക്കങ്ങൾ മതി; ശബരിമല വെർച്വൽ ക്യൂവിൽ വൻ തട്ടിപ്പ്, വരുമാനത്തിൽ 47 ശതമാനം ഇടിവ്

ആധാർ ഇല്ല, വെറും 12 അക്കങ്ങൾ മതി; ശബരിമല വെർച്വൽ ക്യൂവിൽ വൻ തട്ടിപ്പ്, വരുമാനത്തിൽ 47 ശതമാനം ഇടിവ്

by news_desk1
0 comments

ശബരിമല: ആധാർ നമ്പറിന് പകരം ഏതെങ്കിലും 12 അക്കങ്ങൾ നൽകിയാൽ മതി; വെർച്വൽ ക്യൂവിൽ കൂട്ടത്തോടെ ബുക്കിങ് നടത്താൻ ഇത്രയും എളുപ്പമായിരുന്നു. ആധാർ വിവരങ്ങൾ കൃത്യമായി പരിശോധിക്കാനുള്ള ഒ.ടി.പി. സംവിധാനം ഇല്ലാത്തത് മുതലെടുത്ത് അയൽസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ നടത്തിയ മാസ് ബുക്കിങ്ങിൽ ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി. ബുക്ക് ചെയ്ത ദർശന സ്ലോട്ടുകൾ തീർഥാടകർക്ക് പണത്തിന് മറിച്ചുവിറ്റതായും വിൽക്കാനാകാത്തവ ഒഴിച്ചിട്ടതായും പൊലീസ് സൈബർ സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടെ ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവുണ്ടായതായാണ് ഇതുവരെയുള്ള കണക്ക്.

ആധാർ നമ്പർ നൽകേണ്ട സ്ഥാനത്ത് ഏതെങ്കിലും 12 അക്കങ്ങൾ ചേർത്താലും ബുക്കിങ് പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലായിരുന്നു സംവിധാനം. ആധാർ വിവരങ്ങൾ ഒ.ടി.പി. വഴി സ്ഥിരീകരിക്കാത്തത് ഏജൻസികൾക്ക് അവസരമായി. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി പേർക്ക് ബുക്കിങ് നടത്താനും സാധിച്ചു. തീർഥാടകരുടെ പേരും വിലാസവും തെറ്റായി രേഖപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. ശബരിമല പോലൊരു വലിയ തീർഥാടന കേന്ദ്രത്തിലെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ബുക്ക് ചെയ്ത സ്ലോട്ടുകൾ പണത്തിന് വിറ്റതെന്നാണ് കണ്ടെത്തൽ. വിൽക്കാൻ കഴിയാത്ത സ്ലോട്ടുകൾ ഉപയോഗിക്കപ്പെടാതെ കിടന്നു. ഈ സ്ലോട്ടുകളിൽ മറ്റു ഭക്തർക്ക് ദർശനത്തിന് എത്താനും കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ ശബരിമലയിലെ തിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കേരളത്തിൽ അന്വേഷണം തുടങ്ങിയെന്ന വിവരം പുറത്തുവന്നതോടെ ബുക്ക് ചെയ്ത സ്ലോട്ടുകൾ കൂട്ടത്തോടെ റദ്ദാക്കാനും തുടങ്ങിയിട്ടുണ്ട്. ആരൊക്കെയാണ് ബുക്കിങ് റദ്ദാക്കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡും പൊലീസും. നിലവിൽ വെർച്വൽ ക്യൂ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒ.ടി.പി. വഴിയാണ് പരിശോധന. മാസ് ബുക്കിങ് വഴി സ്ലോട്ടുകൾ കൈക്കലാക്കി മറിച്ചുവിൽക്കുന്ന രീതി തടയുന്നതിനായി വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ സമഗ്ര മാറ്റം വരുത്താനും പൊലീസ്, ദേവസ്വം ബോർഡ് തലത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മണ്ഡല–മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം ഏകദേശം 483 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് തീർഥാടകരുടെ എണ്ണത്തിൽ 47 ശതമാനം കുറവുണ്ടായി. അപ്പം, അരവണ വിൽപ്പനയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് വരുമാനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡ്. സ്വന്തം നിലയിൽ വരുമാനം കണ്ടെത്താൻ കഴിയാത്ത ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതും ശബരിമലയിലെ മണ്ഡലകാല വരുമാനത്തിൽനിന്നാണ്.

വരുന്ന മണ്ഡലകാലത്തോടെ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കാനാണ് നീക്കം. കൂട്ടത്തോടെ ബുക്കിങ് നടത്തുന്നത് തടയുന്നതിനൊപ്പം, നിശ്ചയിച്ച ദിവസം എത്താൻ കഴിയാത്ത തീർഥാടകർക്ക് തിരക്ക് കുറഞ്ഞ മറ്റൊരു ദിവസത്തേക്ക് ദർശന സമയം മാറ്റാനുള്ള സൗകര്യവും ഒരുക്കും. ബുക്കിങ് റദ്ദാക്കാനും അതുവഴി ഒഴിവുവരുന്ന സ്ലോട്ടുകൾ മറ്റ് ഭക്തർക്ക് ലഭ്യമാക്കാനും സംവിധാനം പരിഷ്കരിക്കും. നിലവിൽ ബുക്ക് ചെയ്ത ദിവസം എത്താതിരിക്കുകയോ ബുക്കിങ് റദ്ദാക്കാതിരിക്കുകയോ ചെയ്താൽ മണ്ഡലകാലത്ത് പിന്നീട് ബുക്കിങ് നടത്താൻ കഴിയില്ല.

ബുക്ക് ചെയ്ത വ്യക്തി തന്നെയാണോ ദർശനത്തിന് എത്തുന്നതെന്ന് ഉറപ്പാക്കാൻ പമ്പയിൽ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ, ഇത് പ്രായോഗികമാകുമോയെന്ന കാര്യത്തിൽ പൊലീസിനും ദേവസ്വം ബോർഡിനും സംശയമുണ്ട്. ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യു.ആർ. കോഡ് നൽകി പമ്പയിലോ നിലയ്ക്കലോ പരിശോധിക്കാനുള്ള ആലോചനയുമുണ്ട്. എന്നാൽ, ഇത് ഉടൻ നടപ്പാക്കില്ല.

ഹൈദരാബാദിലെ ടാറ്റ കൺസൾട്ടൻസി സർവീസസാണ് സോഫ്റ്റ്‌വെയറിൽ പരിഷ്കാരം വരുത്തുക. 2011–12 കാലഘട്ടത്തിൽ കേരള പൊലീസാണ് വെർച്വൽ ക്യൂ സംവിധാനം ആദ്യമായി വികസിപ്പിച്ചത്. കെൽട്രോണിന്റെ സഹായവും അന്ന് ലഭിച്ചിരുന്നു. 2019ൽ ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചത് ടാറ്റ കൺസൾട്ടൻസി സർവീസസായിരുന്നു. കേരള പൊലീസിന്റെ ഐ.ടി. വിഭാഗം സാങ്കേതികവും പ്രവർത്തനപരവുമായ നിർദേശങ്ങൾ നൽകിയാണ് അന്ന് പദ്ധതിയിൽ സഹകരിച്ചത്.

You may also like