ചെറുവള്ളി: കാലിത്തീറ്റയുടെ വില ഒറ്റയടിക്ക് 250 രൂപ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പാൽ റോഡിലൊഴുക്കി ക്ഷീരകർഷകർ. ചെറുവള്ളി ക്ഷീര ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലായിരുന്നു പ്രതിഷേധം. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1,550 രൂപയിൽനിന്ന് 1,800 രൂപയായി ഉയർത്തിയതാണ് കർഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
കേരള മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ വിലവർധന ക്ഷീരമേഖലയിലെ കർഷകർക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് ആനുപാതികമായി പാലിന്റെ സംഭരണവിലയും വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും അർഹരായ കർഷകർക്ക് പ്രതിമാസം രണ്ട് ചാക്ക് കാലിത്തീറ്റ പകുതി വിലയ്ക്ക് ലഭ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് ലാജി മാടത്താനികുന്നേൽ, ബിജു പനച്ചിക്കൽ, രാജേഷ് വടക്കേടത്ത്, അനിൽ തള്ളക്കയം എന്നിവർ സമരത്തിന് നേതൃത്വം നൽകി.
