തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനൊപ്പം വൻ ഇളവുകളും പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ 20 ഏക്കർ വരെയുള്ള സർക്കാർ പുറമ്പോക്ക് ഭൂമി വിപണിവില ഈടാക്കി പതിച്ചുനൽകും. ഇതിനായി ഭൂനികുതിയിലും ഇളവ് അനുവദിക്കും. വിപണിവിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്.
സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി 100 ഏക്കർ വരെയുള്ള ഭൂമിക്ക് പത്തുവർഷത്തേക്ക് സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാനും തീരുമാനമുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് സ്വകാര്യ-വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാനുള്ള സർക്കാർ നീക്കം.
