Home Keralaമൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ എം.എ. യൂസഫലിയുടെ കൈത്താങ്ങ്

മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ എം.എ. യൂസഫലിയുടെ കൈത്താങ്ങ്

by news_desk1
0 comments

കോഴിക്കോട്: എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിലെ അരുൺ–ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സാ ദൗത്യത്തിനാണ് യൂസഫലി കൈത്താങ്ങാകുന്നത്.

50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ദൗത്യത്തിനായി ഒരു നാട് ഒന്നാകെ കൈകോർക്കുന്നതിനിടെയാണ് സഹായ പ്രഖ്യാപനമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് പറഞ്ഞു. കുടുക്കകൾ പൊട്ടിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും പല മേഖലകളിൽനിന്ന് സഹായം സമാഹരിച്ചുമാണ് നാട്ടുകാർ കുട്ടികളുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നത്. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം 16.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എം.എ. യൂസഫലി പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ സഹായം ഇന്ന് ഉച്ചയ്ക്ക് 12ന് കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറും. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജും കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്നാണ് കുടുംബത്തിന് സഹായത്തുക കൈമാറുക.

കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭിച്ച് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്നും ചികിത്സാ ദൗത്യത്തിൽ പങ്കാളികളാകുന്ന എല്ലാവരുടെയും കൂട്ടായ പരിശ്രമം വിജയത്തിലെത്തട്ടെയെന്നും എം.എ. യൂസഫലി ആശംസിച്ചു.

You may also like