കൊച്ചി: നടി അൻസിബയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നത്. തുടർന്ന് കോടതി നിർദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെതിരായ പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും, പരാതികൾ പരിഹരിച്ചതിന്റെ പൊലീസ് ഓഡിറ്റ് നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. പൊലീസിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുമെന്നും ഓഗസ്റ്റ് 15 മുതൽ കേരളത്തിൽ നവീകരിക്കപ്പെട്ട പൊലീസ് സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുമെന്നും, ഓഗസ്റ്റ് 15നകം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കി ഒരേ നിറത്തിൽ പെയിന്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ 64 സ്റ്റേഷനുകൾ ഒഴികെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എസ്.ഐമാർക്കായിരിക്കും ചുമതല. 64 സ്റ്റേഷനുകളിൽ സി.ഐമാർ തന്നെ സ്റ്റേഷൻ ചുമതല തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 6,632 പേരെ അറസ്റ്റ് ചെയ്യുകയും 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ചെന്നിത്തല പറഞ്ഞു. 35 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും, എട്ടാം തീയതി വരെയുള്ള കണക്കുകൾ പ്രകാരം ഓപ്പറേഷൻ തൂഫാൻ വൻ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.ജെ പാർട്ടികൾക്ക് സർക്കാർ എതിരല്ലെന്നും, എന്നാൽ അവിടെ ലഹരി ഉപയോഗം കണ്ടെത്തിയാൽ പൊലീസ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ഹോട്ടലുകളിലും ക്യാരവാനുകളിലും ലഹരി ഉപയോഗം അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

