കൊൽക്കത്ത: കടുത്ത രാഷ്ട്രീയ ആരോപണങ്ങളും പരാമർശ വിവാദങ്ങളും ചൂടുപിടിപ്പിച്ച പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കനത്ത സുരക്ഷാ വിന്യാസത്തിലാണ് 152 മണ്ഡലങ്ങളിലായി പോളിംഗ് നടക്കുന്നത്.
അമിത് ഷാ നടത്തിയ ‘അരേ ദീദി’ പരാമർശവും മല്ലികാർജ്ജുൻ ഖർഗെ ‘തീവ്രവാദി’ പ്രസ്താവനയും രാഷ്ട്രീയ പോരാട്ടം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. ഈ വിഷയങ്ങൾ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പ്രധാന ആയുധങ്ങളായി മാറി.
മമത ബാനർജിക്കെതിരെ പുറത്തുനിന്നുള്ളവർ ആക്ഷേപം ഉന്നയിക്കുന്നുവെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയപ്പോൾ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള പ്രചാരണം തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പോളിംഗ് കേന്ദ്രങ്ങളിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. വോട്ടർമാർക്ക് തടസ്സമുണ്ടായാൽ ഉടൻ അറിയിക്കാനായി ഗവർണർ നിയന്ത്രണ മുറിയും ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ സൈക്കിൾ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ തൃണമൂൽ കോൺഗ്രസ് വിമർശനം ഉയർത്തി.
ഒരു മാസത്തോളം നീണ്ടുനിന്ന ശക്തമായ പ്രചാരണത്തിനൊടുവിൽ ജനവിധി അറിയാൻ ബംഗാൾ കാത്തിരിക്കുകയാണ്.

