Home Sportsനെയ്മറില്ലാതെ ബ്രസീലിന്റെ ആദ്യ പോരാട്ടം; അട്ടിമറിക്കൊരുങ്ങി മൊറോക്കോ

നെയ്മറില്ലാതെ ബ്രസീലിന്റെ ആദ്യ പോരാട്ടം; അട്ടിമറിക്കൊരുങ്ങി മൊറോക്കോ

by news_desk1
0 comments

ന്യൂജഴ്‌സി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സൂപ്പർതാരം നെയ്മറില്ലാതെ കളത്തിലിറങ്ങും. മൊറോക്കോയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്തതിനാൽ നെയ്മർ കളിക്കില്ലെന്ന് പരിശീലകൻ കാർലോ ആൻചലോട്ടി സ്ഥിരീകരിച്ചു. താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകാനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മത്സരം ഞായറാഴ്ച പുലർച്ചെ 3.30ന് നടക്കും.

ലോക ഫുട്ബോളിൽ പ്രതിഭകളുടെ കാര്യത്തിൽ ഒരിക്കലും പിന്നിലല്ലാത്ത ടീമാണ് ബ്രസീൽ. എല്ലാ പൊസിഷനുകളിലും മികച്ച താരങ്ങളെ അണിനിരത്താൻ വർഷങ്ങളായി ബ്രസീലിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ടീമിന്റെ പ്രധാന പ്രതീക്ഷയായി മാറിയത് നെയ്മറായിരുന്നു. അതുകൊണ്ടുതന്നെ നെയ്മറില്ലാതെ ആദ്യ മത്സരം കളിക്കുമ്പോൾ ബ്രസീലിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകരും ഫുട്ബോൾ ലോകവും.

2014 ലോകകപ്പിൽ മികച്ച ഫോമിലായിരുന്ന നെയ്മർ കൊളംബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായതോടെ ബ്രസീലിന്റെ കുതിപ്പിന് തിരിച്ചടിയേറ്റിരുന്നു. സെമിഫൈനലിലെത്തിയെങ്കിലും ജർമനിക്കെതിരെ 7-1ന്റെ കനത്ത തോൽവി നേരിടേണ്ടി വന്നു. 2018 ലോകകപ്പിൽ ബെൽജിയത്തോടും 2022ൽ ക്രൊയേഷ്യയോടും ക്വാർട്ടർ ഫൈനലിൽ പുറത്താകേണ്ടി വന്നതും ആരാധകർക്ക് ഇപ്പോഴും വേദനയാണ്.

ഇത്തവണ ലോകകപ്പ് ടീമിൽ നെയ്മറുടെ സാന്നിധ്യം തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. നിരന്തരമായ പരിക്കുകൾ താരത്തിന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെങ്കിലും ടീമിന് നൽകുന്ന ആത്മവിശ്വാസവും വിജയമനോഭാവവും ചെറുതല്ല. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ പരിക്ക് വീണ്ടും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം പരിശീലകൻ കാർലോ ആൻചലോട്ടിയുടെ തന്ത്രങ്ങളിലാണ് ബ്രസീലിന്റെ പ്രധാന പ്രതീക്ഷ. മുന്നേറ്റനിരയിൽ റാഫിഞ്ഞ, വിനീഷ്യസ് ജൂനിയർ, മാത്യൂസ് കുന്യ എന്നിവർ ക്ലബ് തലത്തിലെ മികവ് ആവർത്തിച്ചാൽ ബ്രസീലിന് കാര്യങ്ങൾ എളുപ്പമാകും. ഇഗോർ തിയാഗോയും യുവതാരം എൻഡ്രിക്കും ടീമിന്റെ കരുത്താണ്. മധ്യനിരയിൽ കാസെമിറോ, ബ്രൂണോ ഗ്വിമറയ്സ്, ലൂക്കാസ് പക്വേറ്റ എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയുമുണ്ട്. പ്രതിരോധനിരയിൽ മാർക്വിനിയോസും ഗബ്രിയേലും സ്ഥിരത പുലർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മറുവശത്ത് മികച്ച ഫോമിലാണ് മൊറോക്കോ. ഈ ലോകകപ്പിലെ കറുത്ത കുതിരകളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ടീം, അട്ടിമറി വിജയങ്ങൾ ലക്ഷ്യമിട്ടാണ് ടൂർണമെന്റിലെത്തുന്നത്. നായകനും ഫുൾബാക്കുമായ അഷ്‌റഫ് ഹക്കിമിയും മുന്നേറ്റനിരയിലെ ബ്രാഹിം ഡിയാസും ടീമിന്റെ പ്രധാന ആയുധങ്ങളാണെങ്കിലും, കഴിഞ്ഞ ലോകകപ്പിലെ പോലെ കൂട്ടായ പ്രകടനമാണ് മൊറോക്കോയുടെ ഏറ്റവും വലിയ ശക്തി.

ബ്രസീലും മൊറോക്കോയും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. 2002 ലോകകപ്പിൽ ബ്രസീൽ 2-0ന് വിജയിച്ചപ്പോൾ, മൂന്ന് വർഷം മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോരാട്ടവും ആവേശകരമാകുമെന്നാണ് വിലയിരുത്തൽ.

You may also like