Home Nationalചെലവ് ചുരുക്കലിലേക്ക് കേന്ദ്രവും ബിജെപി സംസ്ഥാനങ്ങളും; പ്രധാനമന്ത്രിയുടെ വാഹനവ്യൂഹവും കുറച്ചേക്കും

ചെലവ് ചുരുക്കലിലേക്ക് കേന്ദ്രവും ബിജെപി സംസ്ഥാനങ്ങളും; പ്രധാനമന്ത്രിയുടെ വാഹനവ്യൂഹവും കുറച്ചേക്കും

by news_desk1
0 comments

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ഉപഭോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കാനാണ് നീക്കം.

ജനങ്ങൾ ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും വിദേശ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നടപടികളുമായി രംഗത്തെത്തി. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സ്വന്തം കോൺവോയിലെ വാഹനങ്ങളുടെ എണ്ണം 13ൽ നിന്ന് എട്ടായി ചുരുക്കി. കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ മെട്രോയിൽ യാത്ര ചെയ്താണ് ചെലവ് ചുരുക്കൽ നീക്കത്തിന് പിന്തുണ അറിയിച്ചത്.

ഗുജറാത്ത് ഗവർണറും ചെലവ് നിയന്ത്രണ നടപടികളുടെ ഭാഗമായി പൊതുഗതാഗതം ഉപയോഗിക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തിനകത്തെ യാത്രകൾ ട്രെയിനിലും ബസിലുമായിരിക്കുമെന്നും ഹെലികോപ്റ്റർ ഉപയോഗം താത്കാലികമായി ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺവോയിലെ വാഹനങ്ങളുടെ എണ്ണവും കുറയ്ക്കും.

അതേസമയം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് വിരുദ്ധമായ നടപടികൾ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതും വിവാദമായിട്ടുണ്ട്. മധ്യപ്രദേശിലെ ചില നേതാക്കൾ നൂറിലേറെ വാഹനങ്ങളുള്ള വൻ അകമ്പടിയോടെയാണ് യാത്ര നടത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സംഭവം വിവാദമായതോടെ ഇത്തരം ആഡംബര വാഹനവ്യൂഹങ്ങൾ ഇനി ഒഴിവാക്കുമെന്ന് ബന്ധപ്പെട്ട നേതാക്കൾ വിശദീകരിച്ചു.

You may also like