Home Keralaവയനാട് ചുരം ബൈപ്പാസിന് വേഗം; കേന്ദ്രത്തിന് മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

വയനാട് ചുരം ബൈപ്പാസിന് വേഗം; കേന്ദ്രത്തിന് മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

by news_desk1
0 comments

തിരുവനന്തപുരം: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും (എൻഎച്ച്എഐ) മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി.

വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് – മുത്തങ്ങ ദേശീയപാത (എൻഎച്ച് 766) നാലുവരിപ്പാത വികസനത്തിനും ചിപ്പിളിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപ്പാസ് പദ്ധതിക്കുമായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിവേദനം സമർപ്പിച്ചു.

താമരശ്ശേരി ചുരത്തിലെ ദീർഘകാല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വയനാടിന്റെയും മലബാർ മേഖലയുടെയും വികസനത്തിനും സുഗമമായ ഗതാഗത സൗകര്യത്തിനും പദ്ധതി നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി.പി.ആർ നടപടികൾ വേഗത്തിലാക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും എൻഎച്ച്എഐയുടെയും ശ്രദ്ധയിൽ വിഷയം അടിയന്തരമായി കൊണ്ടുവരുമെന്ന് അദ്ദേഹം ആക്ഷൻ കമ്മിറ്റി പ്രതിനിധികൾക്ക് ഉറപ്പുനൽകി.

You may also like