ന്യൂഡൽഹി: ദില്ലിയിലെ പ്രക്ഷോഭത്തിനിടെ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന ആശുപത്രി റിപ്പോർട്ട് പുറത്തുവന്നു. സമരത്തിനിടെ പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തതായി ലേഡി ഹാർഡിങ് ആശുപത്രി അറിയിച്ചു.
സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന സിജെപിയുടെ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലാണ് ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ പ്രതിഷേധക്കാരന്റെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചുകയറിയിട്ടുണ്ടെന്നും അവ നീക്കം ചെയ്യുന്നതിനായി വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
അക്രമസംഭവങ്ങളോ പ്രതിഷേധങ്ങളോ നിയന്ത്രിക്കാൻ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെ മുൻവാദം. എന്നാൽ രാജ്യതലസ്ഥാനത്ത് ഇത്തരമൊരു ആയുധം ഉപയോഗിച്ചതായുള്ള റിപ്പോർട്ട് ആദ്യമായാണ് പുറത്തുവരുന്നതെന്നത് സംഭവത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ദ്രുതകർമ സേനയാണ് പെല്ലറ്റ് ഗൺ പ്രയോഗിച്ചതെന്നാണ് ആരോപണം. പരിക്കേറ്റ പ്രതിഷേധക്കാരൻ ഇപ്പോൾ ലേഡി ഹാർഡിങ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം, കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് അശുതോഷ് റാങ്ക് രംഗത്തെത്തി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും, ഇതുവരെ കണ്ടത് വെറും “ട്രെയിലർ” മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസുകളും എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്ത് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താനാകില്ലെന്നും അശുതോഷ് റാങ്ക് പ്രതികരിച്ചു.
