തൃശൂർ: മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. ഡി.സി.സി പ്രസിഡന്റിനെതിരെ മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.സി.സി ഓഫീസിലേക്ക് മാർച്ച് നടത്തി.
ഡി.സി.സി പ്രസിഡന്റിന്റെ കോലവുമായി ഓഫീസിനുള്ളിലേക്ക് പ്രവേശിച്ച പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. കഴിഞ്ഞ 20 വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത ഒരാളെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി.
ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പ്രതിഷേധത്തിനിടെ കോലം കത്തിക്കുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചതോടെ പൊലീസ് സ്ഥലത്തെത്തി കോലം പിടിച്ചുവാങ്ങി. തുടർന്ന് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നൈജോ വാസുപുരത്തുക്കാരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പാർട്ടി നേരത്തെ നടപടിയെടുത്ത വ്യക്തിയെ ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് പ്രവർത്തകർ ആരോപിച്ചു.

