Home Keralaഡിഎച്ച്എസ് തർക്കത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

ഡിഎച്ച്എസ് തർക്കത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

by news_desk1
0 comments

തിരുവനന്തപുരം: കേരള ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തെച്ചൊല്ലി സർക്കാരും മുതിർന്ന ഉദ്യോഗസ്ഥയും തമ്മിലുള്ള അധികാര തർക്കത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. ഡോ. കെ.ജെ. റീനയെ മാറ്റിനിർത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

ട്രൈബ്യൂണൽ വിധിക്കെതിരെ ആരോഗ്യവകുപ്പ് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ അന്തിമ വിധി പ്രസ്താവിക്കും. നാളത്തെ ഹൈക്കോടതി തീരുമാനം അനുസരിച്ചായിരിക്കും തുടർനടപടികളുമായി മുന്നോട്ടുപോകുകയെന്ന് സംസ്ഥാന സർക്കാരും ഡോ. കെ.ജെ. റീനയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിനിടെ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന തർക്കം നാടകീയ സംഭവങ്ങൾക്കാണ് വഴിവെച്ചത്. തനിക്ക് ഡിഎച്ച്എസായി തുടരാമെന്ന ട്രൈബ്യൂണൽ ഉത്തരവുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡോ. കെ.ജെ. റീന തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയെങ്കിലും ഔദ്യോഗിക ചുമതല നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഡോ. റീന എത്തുന്നതിന് മുമ്പ് സർക്കാർ താൽക്കാലിക ചുമതല നൽകിയ ഡോ. വി. മീനാക്ഷി ഡയറക്ടറുടെ കസേരയിൽ തുടരുകയായിരുന്നു.

തന്റെ സീനിയോറിറ്റി മറികടന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തി ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയ സർക്കാരിന്റെ നടപടിക്കെതിരെയാണ് ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. കേസിൽ രണ്ടാഴ്ച കൂടി ഡിഎച്ച്എസ് സ്ഥാനത്ത് തുടരാൻ ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു.

പകർച്ചവ്യാധി പടരുന്ന ഗുരുതര സാഹചര്യത്തിൽ ഡിഎച്ച്എസ് 15 ദിവസം അവധിയെടുത്തെന്ന വ്യാജ ആരോപണം ഉന്നയിച്ച് തന്നെ പരസ്യമായി അപമാനിക്കാൻ ആരോഗ്യവകുപ്പ് ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര വാദങ്ങളാണ് ഡോ. റീന ട്രൈബ്യൂണലിൽ ഉന്നയിച്ചത്.

സ്പെഷ്യൽ റൂൾ പ്രകാരം ഡിഎച്ച്എസ് നിയമനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും, വകുപ്പ് തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഒപ്പിടേണ്ട നിർണായകമായ സ്ഥലംമാറ്റ ഉത്തരവ് ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറി തയ്യാറാക്കിയതാണെന്നുമുള്ള ഡോ. റീനയുടെ വാദങ്ങൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്.

You may also like