കൊല്ലം: തെന്മലയിലെ ഒരു വയോജന അഭയകേന്ദ്രത്തിൽ അന്തേവാസികൾ നേരിട്ടതായി പറയുന്ന പീഡനങ്ങളും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് അന്തേവാസികളെ മർദിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിട്ടും ആവശ്യമായ ചികിത്സ നൽകിയില്ലെന്നും, പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്തേവാസികളും കെയർടേക്കറും ആരോപിക്കുന്നു.
വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് അന്തേവാസികൾ താമസിച്ചിരുന്നതെന്നാണ് വിവരം. രോഗികൾ ഉൾപ്പെടെ ഒൻപത് വയോധികർ ഒരു ചെറിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. കിടപ്പുമുറികളിൽ ദുർഗന്ധവും മനുഷ്യവിസർജ്യവും നിറഞ്ഞ നിലയിലായിരുന്നുവെന്നും ആരോപണമുണ്ട്. പുറത്ത് നിന്നുള്ളവർ അഭയകേന്ദ്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ നായകളെ തുറന്നുവിടുന്നത് പതിവായിരുന്നുവെന്നും അന്തേവാസികൾ പറയുന്നു.
സംഭവത്തിൽ അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിൽ വയോജന കമ്മീഷൻ ഇന്ന് കേന്ദ്രം സന്ദർശിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് തെന്മലയിലെ വയോജന കേന്ദ്രത്തിൽ അന്തേവാസികൾ പീഡനത്തിനിരയായെന്ന പരാതി പുറത്തുവന്നത്. പീഡനം സഹിക്കാനാകാതെ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളിമല കേന്ദ്രീകരിച്ച് ‘പുനർജനി’ എന്ന പേരിൽ അഭയകേന്ദ്രം നടത്തിയിരുന്ന അഞ്ചൽ സ്വദേശി പത്മദാസനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് ഇവിടെ നടന്നതെന്നാണ് പരാതിക്കാർ പറയുന്നത്. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് രക്ഷപ്പെട്ട രണ്ട് വയോധിക സ്ത്രീകൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ നാട്ടുകാരോട് വിവരിക്കുകയായിരുന്നു.
നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നുവെന്നും അതിന് വിസമ്മതിച്ചാൽ ക്രൂരമായി മർദിക്കാറുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. ലൈംഗികാതിക്രമത്തിനും ഇരയാക്കിയിരുന്നുവെന്നും അന്തേവാസികൾ വെളിപ്പെടുത്തി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പത്മദാസനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നിർദേശങ്ങൾ ലംഘിച്ചും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
2018-ലാണ് പത്മദാസിന്റെ ഭാര്യ സ്ഥാപനം ആരംഭിച്ചത്. നിലവിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. സന്ദർശകരെയോ സമീപവാസികളെയോ അഭയകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
തീർത്തും അവശരായ വയോധികരോടാണ് ഇത്തരം ക്രൂരതകൾ നടന്നതെന്ന ആരോപണം ഉയരുന്നതിനിടെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

