Home Top Storiesഅസമിൽ ലാൻഡിങ്ങിനിടെ വ്യോമസേനയുടെ AN-32 വിമാനം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അസമിൽ ലാൻഡിങ്ങിനിടെ വ്യോമസേനയുടെ AN-32 വിമാനം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

by news_desk1
0 comments

ജോർഹട്ട്: അസമിലെ ജോർഹട്ടിൽ ലാൻഡിങ്ങിനിടെ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണു. ജോർഹട്ടിലെ റോറിയ എയർഫോഴ്‌സ് സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്.

വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അപ്പർ അസമിലെ തന്ത്രപ്രധാനമായ എയർബേസിന് സമീപമാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായാണ് വിവരം.

വ്യോമസേനയുടെ ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് എമർജൻസി റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ മേഖലയിലെ പ്രധാന വ്യോമസേനാ താവളങ്ങളിലൊന്നാണ് റോറിയ എയർഫോഴ്‌സ് സ്റ്റേഷൻ. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ജോർഹട്ട് എയർബേസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കാർബി ആങ്‌ലോങ് ജില്ലയിലെ ബോകജാൻ സബ്‌ഡിവിഷനിലെ ഇങ്‌ലോങ് ഇകോപി ഹില്ലിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെയ്ഐ യുദ്ധവിമാനം തകർന്നുവീണ സംഭവത്തിന് മാസങ്ങൾക്കുശേഷമാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

You may also like