2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ മൊറോക്കോയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ടീമിന് കനത്ത പ്രഹരമായി സൂപ്പർ താരം നെയ്മറുടെ പരിക്ക്. പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാകാത്തതിനെ തുടർന്ന് ഞായർ പുലർച്ചെ 3:30ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാഫ് ഇഞ്ചുറിയിൽ നിന്നുള്ള വിശ്രമം തുടരുന്ന താരത്തിന് മൊറോക്കോയ്‌ക്കെതിരായ മത്സരം മാത്രമല്ല, ഗ്രൂപ്പ് എഫിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകാൻ വലിയ സാധ്യതയുണ്ടെന്നാണ് ആഞ്ചലോട്ടി നൽകുന്ന സൂചന. ജൂൺ 20-ന് ഹെയ്തിക്കെതിരെയും ജൂൺ 25-ന് സ്കോട്ട്‌ലൻഡിനെതിരെയുമാണ് ബ്രസീലിന്റെ മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ. താരം വേഗത്തിൽ സുഖം പ്രാപിക്കാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അടുത്ത ആഴ്ചയോടെ ടീമിനൊപ്പം പൂർണ്ണ പരിശീലനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയ കോച്ച്, എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിലും നെയ്മറുടെ സാന്നിധ്യം ഉറപ്പുനൽകാൻ കഴിയില്ലെന്ന് കൂട്ടിച്ചേർത്തു.
മെയ് പകുതിയോടെ പരിക്കേറ്റ 34-കാരനായ സാന്റോസ് സ്‌ട്രൈക്കർ വെള്ളിയാഴ്ച നടന്ന പരിശീലന സെഷനിലും പങ്കെടുത്തിരുന്നില്ല. പരിക്കിന്റെ ആശങ്കകൾ നിലനിൽക്കുമ്പോഴും നെയ്മറെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതിന്റെ കാരണം ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ നയിക്കുന്ന വിദേശ പരിശീലകനായ ആഞ്ചലോട്ടിയുടെ അഭിപ്രായത്തിൽ, ആറാം ലോകകിരീടം ലക്ഷ്യമിടുന്ന യുവനിരയ്ക്ക് നെയ്മറുടെ സാന്നിധ്യവും അനുഭവസമ്പത്തും വലിയ പ്രചോദനമാണ്. പാനമ, ഈജിപ്ത് എന്നിവർക്കെതിരായ മുൻപത്തെ പരിശീലന മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. നെയ്മറുടെ അഭാവം നിരാശപ്പെടുത്തുന്നതാണെങ്കിലും തങ്ങളെ അത് ബാധിക്കില്ലെന്നാണ് മൊറോക്കൻ ക്യാമ്പിന്റെ പ്രതികരണം. നെയ്മർ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള തന്ത്രങ്ങൾ തങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മൊറോക്കോ കോച്ച് മുഹമ്മദ് ഔഹാബി വ്യക്തമാക്കുമ്പോൾ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ നെയ്മർക്കെതിരെ കളിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് മൊറോക്കൻ നായകനും പിഎസ്ജി താരവുമായ അഷ്റഫ് ഹക്കിമി പറഞ്ഞു. നെയ്മറുടെ അഭാവത്തിലും വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ കരുത്തിൽ വിജയത്തോടെ തുടങ്ങാനായിരിക്കും ബ്രസീൽ ഇന്ന് ശ്രമിക്കുക.

