തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.
ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാതെയാണ് നിയമനം നൽകിയതെന്ന വിമർശനവും ഉയർന്നിരുന്നു.
നിയമന തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന്റെ ഭാഗമാണെന്ന് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചിരുന്നു. വിഷയത്തിൽ താൻ ഇടപെടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കെ.ബി. പ്രദീപിന്റെ നിയമനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിച്ചതിലൂടെ അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രതികളിലേക്ക് ചോർന്നുപോകാൻ സാധ്യതയുണ്ടെന്നാണ് എസ്‌ഐടി ചൂണ്ടിക്കാട്ടിയത്.
ഇക്കാര്യം ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിച്ച അന്വേഷണ സംഘം, കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ഹൈക്കോടതിയെ സ്പെഷ്യൽ കമ്മീഷണർ അറിയിക്കാനിടയുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.
ദേവസ്വം വകുപ്പിൽ നേരത്തെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പ്രത്യേക സർക്കാർ പ്ലീഡർ എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് കെ.ബി. പ്രദീപിന് നിയമനം നൽകിയത്. ഇതാണ് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചത്.
ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായിരുന്നത് കെ.ബി. പ്രദീപായിരുന്നു. പിന്നീട് അന്വേഷണത്തിനായി എസ്‌ഐടിയെ നിയോഗിച്ചതോടെ സ്മാർട്ട് ക്രിയേഷൻസിനെയും അവരുടെ അഭിഭാഷകനെയും ഹർജിയിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അന്വേഷണ രേഖകൾ ഇവർക്കു ലഭിക്കാതിരിക്കാനായിരുന്നു ആ നടപടി.
തുടർന്ന് ദേവസ്വം വകുപ്പിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെ മാത്രം ഉൾപ്പെടുത്തി പുതിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ, ഹൈക്കോടതി രേഖകൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന അഭിഭാഷകനെ തന്നെ സർക്കാർ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. നിയമനത്തോടെ ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട എസ്‌ഐടി രേഖകൾ ലഭിക്കുന്നതിൽ തടസങ്ങൾ ഇല്ലാതാകുമെന്ന ആശങ്കയും ഉയർന്നിരുന്നു.
സ്വർണക്കവർച്ച സംഭവത്തിന് പിന്നാലെ സ്മാർട്ട് ക്രിയേഷൻസിനെ പരസ്യമായി പിന്തുണച്ച അഭിഭാഷകനെ ദേവസ്വം ബോർഡിന് വേണ്ടി നിയമിച്ചതിലൂടെ താൽപര്യങ്ങളുടെ വൈരുദ്ധ്യം പ്രകടമാണെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.

