Home Businessജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ നീക്കം മന്ദഗതിയില്‍; വിപണി അനിശ്ചിതത്വം തിരിച്ചടിയായി

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ നീക്കം മന്ദഗതിയില്‍; വിപണി അനിശ്ചിതത്വം തിരിച്ചടിയായി

by news_desk1
0 comments

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടപടികള്‍ മന്ദഗതിയിലായതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും പരിഗണിച്ചാണ് ലിസ്റ്റിങ് നടപടികള്‍ കമ്പനി പുനഃപരിശോധിക്കുന്നതെന്നാണ് സൂചന.

ഇറാന്‍–അമേരിക്ക സംഘര്‍ഷവും അന്താരാഷ്ട്ര തലത്തിലെ വിപണി സമ്മര്‍ദങ്ങളും ജിയോയുടെ പദ്ധതികളെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഐപിഒയുടെ ഘടനയും നടപടിക്രമങ്ങളും നിലവില്‍ കമ്പനി വീണ്ടും വിലയിരുത്തുന്ന ഘട്ടത്തിലാണ്. ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ തുടരുന്നുണ്ടെങ്കിലും സമര്‍പ്പണ തീയതി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ ജാഗ്രതയും തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഗ്രൂപ്പിന്റെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങായി ജിയോ പ്ലാറ്റ്‌ഫോംസ് മാറുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

ഐപിഒ വഴി 40,000 മുതല്‍ 50,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി 19 ബാങ്കുകളെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെ.എം ഫിനാന്‍ഷ്യല്‍, ഗോള്‍ഡ്മാന്‍ സാക്സ്, എച്ച്.എസ്.ബി.സി, ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

You may also like