കാലവര്‍ഷം ദുര്‍ബലമാകുന്നത് കാര്‍ഷിക, ക്ഷീര മേഖലകളെ സാരമായി ബാധിക്കുമെന്നതിനാല്‍ പാല്, പയറുവര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ജൂലൈ, ഓഗസ്റ്റ് മാസങ്ങളോടെ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പാല്‍വില വീണ്ടും ഉയരുമോ?
ക്ഷീര മേഖലയിലെ വിദഗ്ധര്‍ പറയുന്നതനുസരിച്ച് പാല്‍വിലയില്‍ ഇതിനകം തന്നെ 2-3 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ മഴ ഇനിയും കുറഞ്ഞാല്‍ ജൂലൈയോടെ 3-4 ശതമാനം കൂടി വില ഉയരാന്‍ സാധ്യതയുണ്ടെന്ന് പരാഗ് മില്‍ക്ക് ഫുഡ്സ് ചെയര്മാന് ദേവേന്ദ്ര ഷാ വ്യക്തമാക്കി.
കാലിത്തീറ്റ, പാക്കേജിങ്, ഇന്ധനം എന്നിവയുടെ ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രമുഖ ക്ഷീര കമ്പനികള്‍ മേയ് 14-ന് പാല്‍വില വര്‍ധിപ്പിച്ചിരുന്നു. മില്‍മയും പാല്‍വില കൂട്ടിയിരുന്നു.
കാലവര്‍ഷം ദുര്‍ബലമായാല്‍ പശുക്കള്‍ക്ക് ആവശ്യമായ പച്ചപ്പുല്ലും വെള്ളവും കുറയും. ഇതോടെ കാലിത്തീറ്റയുടെ വിലയും ഉയര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലാകും. അതിന്റെ പ്രതിഫലനമായി പാല് മാത്രമല്ല, തൈര്, പനീര്‍, വെണ്ണ, നെയ്യ്, ചീസ് എന്നിവയുടെ വിലയും ഉയരാന്‍ സാധ്യതയുണ്ട്.
മഴക്കുറവും കൃഷിയും
2026-ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശരാശരിയേക്കാള്‍ കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കൂ. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴ കുറയാന്‍ 84 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് നിലവില്‍ തന്നെ വിലക്കയറ്റം ഉയര്‍ന്ന നിലയിലാണ്. മേയ് മാസത്തിലെ കണക്കുകള്‍ പ്രകാരം ചില്ലറ വിലക്കയറ്റം 3.93 ശതമാനവും ഭക്ഷ്യവിലക്കയറ്റം 4.78 ശതമാനവുമാണ്.
മഴ വൈകിയതോടെ കൃഷിയെയും ഇത് ബാധിച്ചിട്ടുണ്ട്. ജൂണ്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 18.27 ദശലക്ഷം ഹെക്ടറില്‍ മാത്രമാണ് വേനല്‍ക്കാല വിളകള്‍ കൃഷി ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 23 ശതമാനം കുറവാണ്. ജൂണ്‍ 1 മുതല്‍ ലഭിച്ച മഴയില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായതോടെ നെല്ല്, സോയാബീന്‍, ചോളം, പരുത്തി എന്നിവയുടെ കൃഷിയും തിരിച്ചടി നേരിട്ടു.
പയറുവര്‍ഗങ്ങളും പച്ചക്കറികളും ബാധിക്കും
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയുടെ ലഭ്യതയാണ് വരുംമാസങ്ങളിലെ ഭക്ഷ്യവിലയെ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം.
ശക്തമായ എല്‍ നിനോ പ്രതിഭാസം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കാമെന്നും, ഉയര്‍ന്ന താപനില ഖാരിഫ്, റാബി കൃഷികളെ പ്രതികൂലമായി ബാധിക്കുമെന്നും കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മഴക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുക പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചോളം എന്നിവയെയായിരിക്കും. മഴ കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ തുവരപ്പരിപ്പ് ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറയും. സോയാബീന്‍ കൃഷി മോശമായാല്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകും.
വിതരണ ശൃംഖലയില്‍ തടസ്സമുണ്ടായാല്‍ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലയും കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ആശ്വാസമായി അരിയും ഗോതമ്പും
അരി, ഗോതമ്പ് എന്നിവയുടെ കാര്യത്തില്‍ നിലവില്‍ വലിയ ആശങ്ക വേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. മികച്ച ജലസേചന സംവിധാനവും സര്‍ക്കാരിന്റെ കൈവശമുള്ള വലിയ കരുതല്‍ ശേഖരവും ഇവയുടെ വില നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പാല്, പച്ചക്കറി പോലുള്ള വേഗത്തില്‍ കേടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പെട്ടെന്നുള്ള വര്‍ധനവ് പ്രതീക്ഷിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

