മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. സ്വർണം കൊണ്ടുവന്നത് നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹാണെന്ന് കണ്ടെത്തി. ഈ സ്വർണം പൊട്ടിക്കാൻ ലക്ഷ്യമിട്ടത് കണ്ണൂരിലെ അർജുൻ ആയങ്കിയുടെ കൂട്ടാളികളാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
യഥാർത്ഥ ഉടമയ്ക്ക് സ്വർണം കൈമാറാതെ അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് നിർദേശിച്ച വ്യക്തിക്ക് സ്വർണം നൽകാനായിരുന്നു സൽമാന്റെ തീരുമാനം. ഇതിന് പ്രതിഫലമായി 40 ലക്ഷം രൂപ അഭിജിത്ത് സൽമാന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സൽമാൻ സ്വർണം ഇവർക്ക് കൈമാറിയില്ല. പകരം പരപ്പനങ്ങാടി സ്വദേശി സാദിഖ് പറഞ്ഞ നിലമ്പൂർ സ്വദേശി ഷബിക്കിന് സ്വർണം കൈമാറുകയായിരുന്നു.
എറണാകുളത്തെ ഒരു മുറിയിൽ വെച്ച് ട്രോളി ബാഗ് കുത്തിത്തുറന്ന് അതിനുള്ളിലുണ്ടായിരുന്ന സ്വർണം ഇവർ തമ്മിൽ പങ്കിട്ടെടുത്തതായി പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സൽമാനെയും സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിപ്പിച്ചുവെച്ച കള്ളക്കടത്ത് സ്വർണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമാകുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വർധിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണം നാട്ടിലെത്തിക്കുന്നത് കൂടുതൽ ലാഭകരമായ സാഹചര്യമാണ് രൂപപ്പെട്ടത്. ഇതാണ് സ്വർണക്കടത്തും സ്വർണം പൊട്ടിക്കൽ സംഘങ്ങളും വീണ്ടും സജീവമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ചയാണ് കരിപ്പൂർ വിമാനത്താവളത്തിൽ സംശയാസ്പദമായ രീതിയിൽ പെരുമാറിയ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ ദിവസമാണ് വിമാനത്താവളത്തിലെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.

