Home Keralaവൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; ഒക്ടോബറിൽ 588 മെഗാവാട്ട്, കടം തീരും, സുപ്രീംകോടതിയിലും കേരളത്തിന്റെ ഹർജി

വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; ഒക്ടോബറിൽ 588 മെഗാവാട്ട്, കടം തീരും, സുപ്രീംകോടതിയിലും കേരളത്തിന്റെ ഹർജി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്ന നീക്കങ്ങൾ. തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും വേനൽക്കാലത്ത് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് ഈ മാസം അവസാനിക്കുന്നതും പ്രതിസന്ധി കുറയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കാനുള്ള അനുമതിയും കെ.എസ്.ഇ.ബിക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സാഹചര്യം മെച്ചപ്പെട്ടതോടെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. നേരത്തെ സംസ്ഥാനത്ത് പീക്ക് സമയത്തെ ആവശ്യകത ഉയർന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതുവഴി സംസ്ഥാനത്തിന് ഇതുവരെ 12,570 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായതായും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ സംബന്ധിച്ച തർക്കമാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. കരാറുകൾ റദ്ദായതിനെ തുടർന്നുണ്ടായ അധിക ചെലവും നിലവിലെ വൈദ്യുതി പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് കേരളം ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.

You may also like