Home Keralaമാസപ്പടിയിൽ പിണറായിക്ക് പ്രതിരോധമില്ല; ‘കേസ് പൂർണമായി അറിയില്ല’, നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

മാസപ്പടിയിൽ പിണറായിക്ക് പ്രതിരോധമില്ല; ‘കേസ് പൂർണമായി അറിയില്ല’, നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

by news_desk1
0 comments

തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി ആവശ്യപ്പെട്ടുള്ള നീക്കത്തിൽ സിപിഐയുടെ ഭാഗത്തുനിന്ന് നേരിട്ടുള്ള പ്രതിരോധമില്ല. കേസിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അതേസമയം, പിഎം ശ്രീ, കെഎസ്ഇബി വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടിനെതിരെ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയെന്ന വിഷയത്തിലായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയവും ഇടത് രാഷ്ട്രീയവുമാണെന്ന് പറഞ്ഞ ബിനോയ് വിശ്വം, പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൂർണമായി അറിയില്ലെന്ന് വ്യക്തമാക്കി.

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളിലും സിപിഐയ്ക്ക് രാഷ്ട്രീയ നിലപാടുണ്ടെന്നും ഇടത് മൂല്യങ്ങൾ പാർട്ടിക്ക് നിർബന്ധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിച്ചാൽ എൽഡിഎഫ് രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പലപ്പോഴും ഇടപെടുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു. അത്തരത്തിലുള്ള നീക്കമുണ്ടായാൽ എൽഡിഎഫ് അതിനെ എതിർക്കുമെന്നും അതാണ് സിപിഐയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ സർക്കാരിന് ചാഞ്ചാട്ടമുണ്ടെന്നും ബിനോയ് വിശ്വം വിമർശിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരിപാടിയിൽ സംസാരിക്കവെയാണ് സർക്കാരിന്റെ നിലപാടിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.

യുഡിഎഫ് ഇരട്ടത്താപ്പിന്റെ സർക്കാരാണെന്നും ദില്ലി യാത്ര കഴിഞ്ഞതോടെയാണ് മുഖ്യമന്ത്രിക്ക് ചാഞ്ചാട്ടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നെഹ്റൂവിയൻ സോഷ്യലിസ്റ്റാണെങ്കിൽ നെഹ്റു പറഞ്ഞത് കേൾക്കണമെന്നും വടക്കോട്ട് പോകണമെന്ന് പറയുമ്പോൾ തെക്കോട്ട് പോകുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

പിഎം ശ്രീയിൽ മാത്രമല്ല, കെഎസ്ഇബി സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു. പിഎം ശ്രീയിൽ കണ്ട ചാഞ്ചാട്ടം വൈദ്യുതി വകുപ്പ് സ്വകാര്യവത്കരണത്തിലും ഉണ്ടായാൽ ജനങ്ങൾ ഇടപെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി നടപ്പാകണമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും പദ്ധതി വരാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി വെള്ളത്തെ ആശ്രയിച്ച് വൻകിട അണക്കെട്ടുകളെക്കുറിച്ച് ചിന്തിക്കരുതെന്നും വൈദ്യുതി സാക്ഷരതയാണ് അടിയന്തരമായി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമൂല്യമായ വിഭവം ചെലവഴിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത എല്ലാവരും പാലിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

You may also like