Home Businessഎഐ നിക്ഷേപത്തിനായി വൻപിരിച്ചുവിടൽ; 98 ടെക് കമ്പനികളിൽ 92,000 പേർക്ക് ജോലി നഷ്ടം

എഐ നിക്ഷേപത്തിനായി വൻപിരിച്ചുവിടൽ; 98 ടെക് കമ്പനികളിൽ 92,000 പേർക്ക് ജോലി നഷ്ടം

by news_desk1
0 comments

മുംബൈ: ലോകത്തെ പ്രമുഖ ടെക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ ശക്തമാകുന്നു. ഈ വർഷം മെയ് വരെ ലഭ്യമായ കണക്കുകൾ പ്രകാരം 98 കമ്പനികളിലായി 92,000ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി.

ഏപ്രിൽ മാസം മാത്രം 45,800 പേർക്ക് പിരിച്ചുവിടൽ ബാധിച്ചതോടെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം മാസമായി അത് മാറി. മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ബ്ലോക്ക്, ആമസോൺ, നൈക്കി, ഗോപ്രോ തുടങ്ങിയ വമ്പൻ കമ്പനികളിലാണ് പ്രധാനമായും പിരിച്ചുവിടൽ നടന്നത്.

കൂട്ടപ്പിരിച്ചുവിടലിന് പ്രധാന കാരണം നിർമിതബുദ്ധി (എഐ) മേഖലയിലേക്കുള്ള വൻ നിക്ഷേപമാണെന്നാണ് റിപ്പോർട്ടുകൾ. ഡാറ്റാ സെന്ററുകളും എഐ ചിപ്പുകളും വികസിപ്പിക്കാൻ കമ്പനികൾ വലിയ തോതിൽ മൂലധനം ചെലവഴിക്കുന്നതിനാൽ ചെലവ് കുറയ്ക്കാൻ ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്ന വിമർശനവും ഉയരുന്നു.

ആമസോൺ കഴിഞ്ഞ മാസങ്ങളിൽ ആയിരക്കണക്കിന് തൊഴിലുകൾ ഇല്ലാതാക്കി. രണ്ട് ഘട്ടങ്ങളിലായി ആറുമാസത്തിനുള്ളിൽ ഏകദേശം 30,000 ജോലികളാണ് നഷ്ടമായത്. മെറ്റ ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിട്ടതോടൊപ്പം പുതിയ നിയമനങ്ങൾ നിർത്തിവെച്ചതായും അറിയിച്ചു.

അതേസമയം, മൈക്രോസോഫ്റ്റ് നേരിട്ടുള്ള പിരിച്ചുവിടലിന് പകരം ചില ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം നൽകിയിട്ടുണ്ട്. ആൽഫബെറ്റ്., മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ ചേർന്ന് ഈ വർഷം എഐ വികസനത്തിനായി നൂറുകണക്കിന് ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എഐ രംഗത്തെ കടുത്ത മത്സരം മുന്നിൽ കണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ നിക്ഷേപം നടത്താനുള്ള ശ്രമങ്ങളാണ് തൊഴിലാളികളുടെ പിരിച്ചുവിടലിന് വഴിവെക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

You may also like