തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് മാത്യു കുഴൽനാടന് പിന്തുണ അറിയിക്കുന്ന ഫ്ലെക്സ് തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. കെ.പി.സി.സി നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഡി.സി.സി ഓഫീസിന് സമീപം ഫ്ലെക്സ് സ്ഥാപിച്ചത്.
‘മാത്യു വരട്ടെ… മാറ്റം വരട്ടെ’ എന്ന തലക്കെട്ടോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്. “കെ.പി.സി.സിയെ നയിക്കാൻ മാത്യു കുഴൽനാടൻ വരട്ടെ”, “പിണറായിക്കെതിരെ പടപൊരുതിയവൻ കോൺഗ്രസിനെ നയിക്കാൻ വരട്ടെ” എന്നീ മുദ്രാവാക്യങ്ങളുമാണ് ഫ്ലെക്സിലുള്ളത്.
ഫ്ലെക്സ് സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ പ്രത്യക്ഷപ്പെട്ട ഈ ഫ്ലെക്സ് കോൺഗ്രസ് വൃത്തങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോടും മാത്യു കുഴൽനാടനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും പിന്തുണാ ഫ്ലെക്സുകളും ഉയർന്നിരുന്നു.
തൃശൂരിൽ പ്രത്യക്ഷപ്പെട്ട ഈ ഫ്ലെക്സ് കെ.പി.സി.സി നേതൃത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പുതിയ വഴിത്തിരിവാകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

