Home Nationalഫോണിൽ സംസാരിച്ച് നടന്നതിനിടെ തുറന്ന മാൻഹോളിൽ വീണു; മുംബൈയിൽ കനത്ത മഴയ്ക്കിടെ കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ഫോണിൽ സംസാരിച്ച് നടന്നതിനിടെ തുറന്ന മാൻഹോളിൽ വീണു; മുംബൈയിൽ കനത്ത മഴയ്ക്കിടെ കാൽനടയാത്രക്കാരന് ദാരുണാന്ത്യം

by news_desk1
0 comments

മുംബൈ: കനത്ത മഴയ്ക്കിടെ റോഡിലെ തുറന്നുകിടന്ന മാൻഹോളിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ചു. 60 വയസ്സുള്ള അസ്ലം ഇസാഖ് ഷെയ്ഖിനാണ് ദാരുണാന്ത്യം. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി തുറന്നുവെച്ചിരുന്ന മാൻഹോളിലേക്കാണ് ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുവരുന്നതിനിടെ ഇയാൾ അബദ്ധത്തിൽ വീണത്. രണ്ടുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.26ഓടെ സാകിനക മേഖലയിലെ ഖൈരാനി റോഡിലുള്ള സൻമാൻ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുവരുന്നതിനിടെയാണ് അസ്ലം തുറന്നുകിടന്ന മാൻഹോളിലേക്ക് വീണത്.

സംഭവം കണ്ട തൊഴിലാളികൾ ഉടൻ തന്നെ മാൻഹോളിലേക്ക് ഗോവണി ഇറക്കി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്ന് അസ്ലമിന്റെ ചെരുപ്പും കുടയും കണ്ടെത്തിയിരുന്നു.

ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി മാൻഹോൾ തുറന്നുവെച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ കരാറുകാരനെതിരെ കേസെടുക്കുമെന്ന് ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷന്റെ ഡെപ്യൂട്ടി മേയർ സഞ്ജയ് ഗാഡി അറിയിച്ചു.

രണ്ടുദിവസം മുൻപ് മുംബൈയിലെ ചെമ്പൂർ മേഖലയിൽ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് വീണ് 11 വയസ്സുകാരൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് നഗരത്തിൽ മറ്റൊരു ദാരുണ അപകടം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, വ്യാഴാഴ്ചയും മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ദാദർ, പരേൽ, ഹിന്ദ്മാത, ചാർകോപ്, വോർളി, അന്ധേരി ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലെ പലയിടങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You may also like