Home Keralaഎന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല; ചന്ദ്രോത്ത് ഗോത്ര ഉന്നതിയെ കണ്ണീരിലാഴ്ത്തി കാട്ടാനയുടെ മരണം

എന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല; ചന്ദ്രോത്ത് ഗോത്ര ഉന്നതിയെ കണ്ണീരിലാഴ്ത്തി കാട്ടാനയുടെ മരണം

by news_desk1
0 comments

വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചരിഞ്ഞു. ഉന്നതിയിലെ താമസക്കാരും കാട്ടാനയും തമ്മിലുള്ള അപൂർവ സൗഹൃദം നേരത്തെ ശ്രദ്ധ നേടിയിരുന്നു.

കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എല്ലാ ദിവസവും മുടങ്ങാതെ എത്താറുണ്ടായിരുന്ന കാട്ടാന, പതിവ് സന്ദർശനങ്ങളിലൂടെ അവിടുത്തെ ആളുകളുമായി ഇണങ്ങിക്കഴിഞ്ഞിരുന്നു. സ്നേഹത്തോടെ അവർ ആ കാട്ടാനയെ “ലക്ഷ്മി” എന്നും “ജാനു” എന്നും വിളിക്കുമായിരുന്നു.

എന്നത്തേയും പോലെ ഇന്ന് ലക്ഷ്മിയെ കാത്തിരുന്ന ഉന്നതിയിലെ ആളുകളെ തേടിയെത്തിയത് ദുഃഖവാർത്തയായിരുന്നു. പുൽപ്പള്ളി പാതിരി വനത്തിൽ ഫെൻസിങ്ങിനോട് ചേർന്നാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

പ്രായാധിക്യമാണ് മരണകാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പതിവായി വാർത്തയാകുന്ന കാലത്ത്, ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലെ ജനങ്ങളും ലക്ഷ്മി എന്ന കാട്ടാനയും തമ്മിലുള്ള സൗഹൃദം പ്രത്യാശയും ആശ്വാസവും പകർന്ന അപൂർവ കഥയായിരുന്നു. ആ സ്നേഹബന്ധത്തിനാണ് ഇപ്പോൾ ദുഃഖാന്ത്യം സംഭവിച്ചിരിക്കുന്നത്.

You may also like