കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലിലെ മുത്തപ്പൻ പുഴയിൽ നിർമിച്ച താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്തേക്കുള്ള പ്രധാന പ്രവേശന മാർഗമായിരുന്ന ചപ്പാത്ത് തകർന്നതോടെ പ്രദേശവാസികളും തൊഴിലാളികളും വീണ്ടും യാത്രാദുരിതത്തിലായി.
മുത്തപ്പൻ പുഴ അങ്ങാടിയിലേക്കും സമീപത്തെ സ്കൂളിലേക്കും പോകേണ്ട നിരവധി പേർ ചപ്പാത്ത് ഒലിച്ചുപോയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങി. പുഴയിലെ നീരൊഴുക്ക് കുറഞ്ഞിട്ടും ഇതുവരെ ചപ്പാത്ത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
തുരങ്കപാത നിർമാണ സ്ഥലത്തേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനായി പഴയ പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തി തുടരുകയാണെങ്കിലും ജോലികൾ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. യാത്രാക്ലേശം ഒഴിവാക്കാനായി താൽക്കാലിക പരിഹാരമായാണ് ചപ്പാത്ത് നിർമിച്ചിരുന്നത്.
മഴക്കാലം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് മുത്തപ്പൻ പുഴയിലെ ഈ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നത്. പ്രദേശവാസികൾക്ക് ഇത് വീണ്ടും വലിയ യാത്രാബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

