Home Localഉറക്കത്തിനിടെ കാലില്‍ തണുപ്പ് തോന്നി; നോക്കിയപ്പോള്‍ ചുറ്റിക്കിടന്നത് ശംഖുവരയന്‍, പിന്നാലെ ടിവിക്കുള്ളില്‍ ഒളിച്ച പാമ്പിനെ പിടികൂടി

ഉറക്കത്തിനിടെ കാലില്‍ തണുപ്പ് തോന്നി; നോക്കിയപ്പോള്‍ ചുറ്റിക്കിടന്നത് ശംഖുവരയന്‍, പിന്നാലെ ടിവിക്കുള്ളില്‍ ഒളിച്ച പാമ്പിനെ പിടികൂടി

by news_desk1
0 comments

മണ്ണാറകുളഞ്ഞി: പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് മണ്ണാറകുളഞ്ഞിയിലെ ഒരു കുടുംബത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരാളുടെ കാലില്‍ വിഷപ്പാമ്പായ ശംഖുവരയന്‍ ചുറ്റിക്കിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് മുറിയിലെ ടെലിവിഷനുള്ളില്‍ ഒളിച്ച പാമ്പിനെ ഏറെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

ഇന്ന് വെളുപ്പിന് ഏകദേശം നാലരയോടെയായിരുന്നു സംഭവം. മണ്ണാറകുളഞ്ഞി ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ക്ക് കാലില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടു. ഉറക്കത്തിനിടയില്‍ തന്നെ അദ്ദേഹം കാല്‍ കുടഞ്ഞപ്പോഴാണ് കാലില്‍ ചുറ്റിക്കിടന്നിരുന്ന പാമ്പ് തെറിച്ചുവീണത്.

പെട്ടെന്നുണ്ടായ ചലനത്തെ തുടര്‍ന്ന് പാമ്പ് മുറിക്കുള്ളിലൂടെ നീങ്ങി ജനല്‍ ഭാഗത്തേക്ക് കയറിയ ശേഷം ടെലിവിഷന്റെ പിന്നിലൂടെ അകത്തേക്ക് കയറി ഒളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഭീതിയിലായി പുറത്തേക്കിറങ്ങി സഹായം തേടി.

വിവരമറിഞ്ഞെത്തിയ പാമ്പുപിടുത്ത വിദഗ്ധന്‍ ഉതിമൂട് മാത്തുകൂട്ടി ഏറെ സൂക്ഷ്മതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടെലിവിഷന്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് ശംഖുവരയന്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പിന്നീട് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റി.

പിടികൂടിയ പാമ്പ് ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട വിഷമുള്ള ഇനമാണെന്ന് സ്ഥിരീകരിച്ചു. വീട്ടുകാര്‍ക്കോ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

സമീപ ദിവസങ്ങളില്‍ മഴക്കാല സാഹചര്യത്തെ തുടര്‍ന്ന് വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും പാമ്പുകള്‍ കയറുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനും രാത്രികാലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും വിദഗ്ധര്‍ നിര്‍ദേശിച്ചു.

You may also like