Home Top Storiesവനിതാ സംവരണ ബില്ലിന്റെ പരാജയം: പ്രധാനമന്ത്രി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും

വനിതാ സംവരണ ബില്ലിന്റെ പരാജയം: പ്രധാനമന്ത്രി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും

by news_desk
0 comments

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 8.30-ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പരാജയപ്പെടാനിടയായ സാഹചര്യവും പ്രതിപക്ഷ നിലപാടും പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ വിശദീകരിക്കുമെന്നാണ് സൂചന. ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, പ്രധാനമന്ത്രിയുടെ ഈ നീക്കം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ചരിത്രപരമായ ബിൽ പരാജയപ്പെട്ടത്. സഭയിൽ ഹാജരായിരുന്ന 528 അംഗങ്ങളിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണ് സർക്കാർ പക്ഷത്തുണ്ടായത്. വനിതാ സംവരണത്തെയല്ല, മറിച്ച് അതിന്റെ മറവിൽ നടത്തുന്ന മണ്ഡല പുനർനിർണ്ണയ നീക്കത്തെയാണ് തങ്ങൾ എതിർത്തതെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വിശദീകരണം.

അതേസമയം, പ്രതിപക്ഷത്തിന്റേത് സ്ത്രീവിരുദ്ധ നിലപാടാണെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം. കോൺഗ്രസും ഡിഎംകെയും തൃണമൂൽ കോൺഗ്രസും ചേർന്ന് വനിതാ സംവരണം അട്ടിമറിച്ചുവെന്ന സന്ദേശം താഴെത്തട്ടിലേക്ക് എത്തിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ഏപ്രിൽ 17 എൻഡിഎയുടെ കറുത്ത ദിനമാണെന്നും സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ബിജെപിയുടെ പ്രചാരണത്തെ നേരിടാൻ രാജ്യവ്യാപകമായി വാർത്താസമ്മേളനങ്ങൾ നടത്താൻ ‘ഇന്ത്യ’ സഖ്യവും തീരുമാനിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ പ്രധാനമന്ത്രി എന്ത് പറയുമെന്നത് രാജ്യം ഉറ്റുനോക്കുകയാണ്.

You may also like