വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വാൽപ്പാറയിലേക്കുള്ള ചുരംപാത വീണ്ടും അപകടഭീഷണിയാൽ ശ്രദ്ധേയമാകുന്നു. പൊള്ളാച്ചി–വാൽപ്പാറ റോഡിലെ 40 ഹെയർപിൻ വളവുകളാണ് ഈ പാതയെ അപകടകരമാക്കുന്നത്. മലപ്പുറം പാങ്ങിൽ നിന്നുള്ള അധ്യാപകസംഘം അടുത്തിടെ ഉണ്ടായ അപകടത്തിൽപ്പെട്ടതോടെ ഈ പാതയിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.
പശ്ചിമഘട്ടത്തിൽ ഏകദേശം 3,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാൽപ്പാറ, പ്രകൃതി സൗന്ദര്യത്തോടൊപ്പം അപകടസാധ്യതകളും ഒളിപ്പിക്കുന്ന മേഖലയാണ്. ചെങ്കുത്തായ ഇറക്കങ്ങളോടുകൂടിയ വളവുകളും ഇടുങ്ങിയ റോഡുകളും ഡ്രൈവർമാരുടെ ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സംരക്ഷണ ഭിത്തികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ കുറയാത്ത അവസ്ഥയാണ്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഈ പാതയിൽ നടന്ന വിവിധ വാഹനാപകടങ്ങളിൽ 20ലധികം പേർക്ക് ജീവൻ നഷ്ടമായി. 2018ൽ പളനിക്ക് സമീപം ഏഴുപേർ മരിച്ച അപകടവും, 2016ൽ നടന്ന വാൻ-ബസ് കൂട്ടിയിടിയിൽ ആറുപേർ മരിച്ചതും, 2024ൽ മൂന്ന് പേർ മരിച്ച അപകടവും ഈ പാതയുടെ അപകടഭീഷണിയെ വ്യക്തമാക്കുന്നവയാണ്.
കുത്തനെയുള്ള ഇറക്കങ്ങളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം തകരാറിലാകാൻ കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. താഴ്ന്ന ഗിയറിൽ വാഹനം നിയന്ത്രിക്കാതെ ബ്രേക്കിന്മാത്രം ആശ്രയിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കൂടാതെ, ദീർഘദൂര യാത്രകളിൽ ആവശ്യമായ വിശ്രമമില്ലാതെ ഡ്രൈവ് ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
പ്രതിദിനം ആയിരക്കണക്കിന് ആളുകൾ വിനോദയാത്രകൾക്കും തീർത്ഥാടനങ്ങൾക്കും ഈ പാത ഉപയോഗിക്കുന്നതിനാൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ നിർദേശിക്കുന്നു. സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാൽ മാത്രമേ ഈ മനോഹര യാത്ര സുരക്ഷിതമാക്കാനാകൂ.

