Home Nationalന്യൂസ് ക്ലിക്ക് കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ആലോചിച്ച് ഇഡി; ‘കേന്ദ്രത്തിന്റെ പകപോക്കൽ കേസ്’ എന്ന് സിപിഎം

ന്യൂസ് ക്ലിക്ക് കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ആലോചിച്ച് ഇഡി; ‘കേന്ദ്രത്തിന്റെ പകപോക്കൽ കേസ്’ എന്ന് സിപിഎം

by news_desk1
0 comments

ദില്ലി: ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടി നേരിട്ടതോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നത് ഇഡിയുടെ പരിഗണനയിൽ. കേസുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതി നടത്തിയ വിമർശനങ്ങൾ ഇഡിക്കും ദില്ലി പൊലീസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, മാധ്യമസ്ഥാപനത്തിനെതിരായ കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയായിരുന്നു ഈ കേസെന്ന് തെളിഞ്ഞതായി സിപിഎം പ്രതികരിച്ചു.

75 കോടി രൂപയുടെ നിയമവിരുദ്ധ വിദേശ ഫണ്ട് സമാഹരണം, രാജ്യവിരുദ്ധ വാർത്താ പ്രചാരണം, ചൈനീസ് ഫണ്ടിന്റെ സഹായത്തോടെ സർക്കാരിനെ ലക്ഷ്യമിട്ട പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് തുടക്കത്തിൽ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിരുന്നത്. എന്നാൽ ദില്ലി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി നീനു ബെൻസാൽ കൃഷ്ണ പുറത്തിറക്കിയ 41 പേജുള്ള വിധിയിൽ അധികാര ദുർവിനിയോഗം നടന്നതായി ചൂണ്ടിക്കാട്ടുന്നു.

വാർത്താവിതരണ മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു 2020ൽ ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണത്തിലേക്ക് ഇഡിയും പ്രവേശിച്ചു. മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ റെയ്ഡുകൾ നടത്തിയതിന് പിന്നാലെ എഡിറ്റർ പ്രബീർ പുർകായസ്തയെയും എച്ച്ആർ മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഒന്നര വർഷത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിൽ എന്തെങ്കിലും തെളിവുകൾ ലഭിച്ചോയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. അന്വേഷണം പ്രധാനമായും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ നഗ്നമായ ദുർവിനിയോഗമാണെന്നും വിധിയിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ മാധ്യമങ്ങളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുമ്പാണ് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചതെന്നും, അന്നത്തെ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും വിലയിരുത്തപ്പെട്ടു. നീതി നടപ്പായതായും അന്വേഷണ ഏജൻസികൾ ഭരണകൂട ഭീകരതയാണ് നടപ്പാക്കിയതെന്നും സിപിഎം പ്രതികരിച്ചു.

വിധിയെ സ്വാഗതം ചെയ്ത് മാധ്യമപ്രവർത്തകരും രംഗത്തെത്തി. ദില്ലി മദ്യനയ കേസിലും നാഷണൽ ഹെറാൾഡ് കേസിലും കോടതികളുടെ നിരീക്ഷണങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. സമാനമായ രീതിയിലുള്ള വിമർശനങ്ങളാണ് ന്യൂസ് ക്ലിക്ക് കേസിലും ഉയർന്നത്. ഇത് അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാധ്യതകൾ ഇഡിയും ദില്ലി പൊലീസും പരിശോധിക്കുന്നത്.

You may also like