Home WORLD CUP 26അധികസമയവും ടൈബ്രേക്കറും മുതൽ പുതിയ അഞ്ച് സെക്കൻഡ് നിയമം വരെ; 2026 ലോകകപ്പിലെ വിപ്ലവകരമായ ഫിഫ നിയമങ്ങളുടെ സമഗ്ര വിശകലനം

അധികസമയവും ടൈബ്രേക്കറും മുതൽ പുതിയ അഞ്ച് സെക്കൻഡ് നിയമം വരെ; 2026 ലോകകപ്പിലെ വിപ്ലവകരമായ ഫിഫ നിയമങ്ങളുടെ സമഗ്ര വിശകലനം

by news_desk
0 comments

അമേരിക്കൻ ഭൂഖണ്ഡത്തിൽ ആവേശകരമായ തുടക്കം കുറിച്ച 2026 ഫിഫ പുരുഷ ലോകകപ്പിൽ കളിയുടെ വേഗത കൂട്ടാനും സുതാര്യത ഉറപ്പാക്കാനുമായി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) കടുത്ത നിബന്ധനകളോടെയുള്ള പുത്തൻ നിയമങ്ങളാണ് ഇത്തവണ നടപ്പിലാക്കുന്നത്. 90 മിനിറ്റ് നീളുന്ന സാധാരണ കളിസമയത്ത് പരിക്കുകൾ, വാർ പരിശോധനകൾ എന്നിവ മൂലമുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാൻ ഓരോ പകുതിയുടെയും അവസാനം ഇൻജുറി ടൈം അനുവദിക്കും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സമനിലയിൽ അവസാനിക്കാമെങ്കിലും, നോക്കൗട്ട് ഘട്ടങ്ങളായ റൗണ്ട് ഓഫ് 32, പ്രീ-ക്വാർട്ടർ, ക്വാർട്ടർ, സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവയിൽ നിശ്ചിത സമയത്ത് കളി സമനിലയിലായാൽ 30 മിനിറ്റ് അധികസമയം അനുവദിക്കും. 15 മിനിറ്റ് വീതമുള്ള രണ്ട് പകുതികളായി തിരിക്കുന്ന ഈ അധികസമയത്തും ഇൻജുറി ടൈം ബാധകമായിരിക്കും. ഇതിനുശേഷവും സമനില തുടർന്നാൽ അഞ്ച് പെനാൽറ്റികൾ വീതമുള്ള പരമ്പരാഗത ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കും. ആദ്യ അഞ്ച് കിിക്കുകളിൽ ഇരുടീമുകളും തുല്യത പാലിച്ചാൽ പിന്നീട് കളി ‘സഡൻ ഡെത്ത്’ രീതിയിലേക്ക് മാറും. മുൻകാലങ്ങളിൽ ലോകകപ്പുകളിൽ ഉപയോഗിച്ചിരുന്ന, അധികസമയത്ത് ആദ്യം ഗോൾ നേടുന്നവർ വിജയിക്കുന്ന ‘ഗോൾഡൻ ഗോൾ’ നിയമം കളിക്കാരിൽ കടുത്ത പ്രതിരോധ ചിന്താഗതി ഉണ്ടാക്കുന്നു എന്ന കാരണത്താൽ ഇത്തവണയും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

ഇത്തവണത്തെ ടൂർണമെന്റിൽ കളിയിലെ മനഃപൂർവ്വമായ സമയനഷ്ടം തടയാൻ വിപ്ലവകരമായ ചില പുതിയ പരിഷ്‌കാരങ്ങളാണ് ഫിഫ കൊണ്ടുവന്നിട്ടുള്ളത്. ത്രോ-ഇന്നുകളും ഗോൾ കിക്കുകളും എടുക്കാൻ കളിക്കാർ മനഃപൂർവ്വം വൈകിച്ചാൽ റഫറിമാർക്ക് അഞ്ച് സെക്കൻഡിന്റെ വിഷ്വൽ കൗണ്ട്ഡൗൺ ആരംഭിക്കാം. ഈ സമയത്തിനകം കളി പുനരാരംഭിച്ചില്ലെങ്കിൽ എതിർടീമിന് കോർണർ കിക്ക് അനുവദിക്കും. അതുപോലെ, സബ്‌സ്റ്റിറ്റ്യൂഷൻ ബോർഡ് ഉയർത്തിയാൽ പുറത്തുപോകേണ്ട കളിക്കാരന് മൈതാനം വിടാൻ കൃത്യം 10 സെക്കൻഡ് സമയം ലഭിക്കും. ഈ സമയപരിധിക്കുള്ളിൽ കളിക്കാരൻ പുറത്തായില്ലെങ്കിൽ, പകരക്കാരന് പിന്നീട് കളി തുടങ്ങി ഒരു മിനിറ്റും അതിനുശേഷമുള്ള ആദ്യ സ്റ്റോപ്പേജും കഴിഞ്ഞാൽ മാത്രമേ മൈതാനത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കൂ. പരിക്കേറ്റ് മെഡിക്കൽ സംഘത്തിന്റെ ചികിത്സ തേടുന്ന കളിക്കാർ കളി പുനരാരംഭിച്ച ശേഷം ഒരു മിനിറ്റ് നിർബന്ധമായും മൈതാനത്തിന് പുറത്തിരിക്കണം. കളിക്കളത്തിലെ അച്ചടക്കം കർശനമാക്കുന്നതിന്റെ ഭാഗമായി, എതിരാളികളുമായി തർക്കത്തിൽ ഏർപ്പെടുമ്പോൾ വംശീയമോ അധിക്ഷേപകരമോ ആയ പരാമർശങ്ങൾ മറച്ചുവെക്കാൻ വായ മൂടിപ്പിടിക്കുന്ന കളിക്കാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകും. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്ന കളിക്കാർക്കും ചുവപ്പ് കാർഡ് ലഭിക്കും. ഒരു ടീം മുഴുവനായി കളി ബഹിഷ്‌കരിച്ച് പുറത്തുപോയാൽ ആ മത്സരം എതിർടീമിന് അനുകൂലമായി വിധിക്കും. കടുത്ത വേനൽച്ചൂട് പരിഗണിച്ച്, കാലാവസ്ഥ നോക്കാതെ തന്നെ ഓരോ പകുതിയുടെയും 22-ാം മിനിറ്റിൽ നിർബന്ധിത മൂന്ന് മിനിറ്റ് ‘ഹൈഡ്രേഷൻ ബ്രേക്ക്’ ഇത്തവണ അനുവദിക്കുന്നുണ്ട്.

വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനത്തിന്റെ പരിധി ഇത്തവണ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കോർണർ കിക്കുകൾ കൃത്യമായാണോ അനുവദിച്ചതെന്നും, കോർണറോ ഫ്രീ കിക്കോ എടുക്കുന്നതിന് തൊട്ടുമുമ്പ് ബോക്സിനുള്ളിൽ ഫൗളുകൾ നടന്നിട്ടുണ്ടോ എന്നും ഇനി വാർ പരിശോധിക്കും. തെറ്റായ രണ്ടാമത്തെ മഞ്ഞ കാർഡിലൂടെ ഉണ്ടാകുന്ന ചുവപ്പ് കാർഡുകളും, തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെന്ന ആശയക്കുഴപ്പങ്ങളും വാർ ഇടപെട്ട് തിരുത്തും. ഇത്തവണത്തെ ഔദ്യോഗിക ലോകകപ്പ് പന്തായ ‘അഡിഡാസ് ട്രയോണ്ട’യിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക മോഷൻ സെൻസർ ചിപ്പ് പന്തിന്റെ കൃത്യമായ ചലനങ്ങൾ തത്സമയം വാർ റൂമിലേക്ക് കൈമാറുന്നതിനാൽ ഓഫ്‌സൈഡ്, ഹാൻഡ് ബോൾ തീരുമാനങ്ങൾ കൂടുതൽ കൃത്യതയുള്ളതാകും. കായികരംഗത്തെ സാങ്കേതികവിദ്യയുടെയും കൃത്യതയുടെയും പുതിയൊരു യുഗത്തിനാണ് ഈ നിയമങ്ങളിലൂടെ 2026 ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.

You may also like