ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ജാർഖണ്ഡിൽ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുന്നുണ്ടെന്നും നിയമപരമായും രാഷ്ട്രീയപരമായും വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ആദ്യം നടന്നത് “വോട്ട് ചോരി” ആയിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നത് “സീറ്റ് ചോരി” ആണെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു.
രാജ്യത്തെ യുവാക്കൾ ആശങ്കയിലാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മൂന്ന് മാസത്തിനിടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുമെന്നും സംസ്ഥാന തലങ്ങളിലും സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദമായി കോൺഗ്രസ് മാറും. എല്ലാ നേതാക്കളും പ്രവർത്തകരും ഇനി തെരുവിലായിരിക്കും. സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസും – തൃണമൂല്‍ കോണ്‍ഗ്രസ് ലയനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അത് വെറും കിംവദന്തികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ ബിജെപി മന്ത്രിമാരുടെ സമ്മർദമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

