Home Nationalഎൽപിജി ഉപഭോക്താക്കളെ ഏജൻസി മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരം: ഹൈക്കോടതി

എൽപിജി ഉപഭോക്താക്കളെ ഏജൻസി മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരം: ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗ്യാസ് വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു.

എൽപിജി വിതരണക്കാർ എണ്ണക്കമ്പനികളുടെ ഏജന്റുമാരാണെന്നും വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി കമ്പനികൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കിം വ്യക്തമാക്കി.

ഉപഭോക്താക്കളെ വിവിധ ഏജൻസികൾക്കിടയിൽ പുനർവിതരണം ചെയ്യുന്നതിനായി എണ്ണക്കമ്പനികൾ നടപ്പാക്കിയ പുതിയ നയം ചോദ്യം ചെയ്ത് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കേരള സർക്കിൾ സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി. ഹർജികൾ തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ഒരു ഏജൻസിക്ക് കീഴിൽ സിലിണ്ടർ റീഫില്ലിംഗിന് പരിധി നിശ്ചയിക്കുകയും അധികമുള്ള ഉപഭോക്താക്കളെ സമീപ ഏജൻസികളിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് പുതിയ നയം. ഇത് വിതരണക്കാരുടെ വരുമാനത്തെ ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ വിതരണക്കാരുടെ സാമ്പത്തിക താൽപ്പര്യങ്ങളേക്കാൾ ഉപഭോക്താക്കളുടെ സൗകര്യത്തിനും ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമതയ്ക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

You may also like