മുസാഫറാബാദ്: പാകിസ്ഥാൻ ആർമി ഏവിയേഷന്റെ എം-17 (Mi-17) ഹെലികോപ്റ്റർ ബുധനാഴ്ച മുസാഫറാബാദിന് സമീപം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണതായി റിപ്പോർട്ട്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹെലികോപ്റ്ററിലുണ്ടായിരുന്ന 21 സുരക്ഷാ ഉദ്യോഗസ്ഥരും അപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ സുരക്ഷാ സേനയിലെ സൈനികരുമായി പോയ ഹെലികോപ്റ്റർ, പാക് അധിനിവേശ കശ്മീരിലെ നീലം വാലി സെക്ടറിലേക്ക് കൂടുതൽ സൈനികരെ എത്തിക്കാനുള്ള ദൗത്യത്തിലായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് മുമ്പ് തന്നെ അത് തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപകടവിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകരും സഹായസംഘങ്ങളും സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണ ബോർഡ് രൂപീകരിച്ചതായി ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പ്രസ്താവനയിലൂടെ അറിയിച്ചു

