Home Nationalസോണിയയെയും രാഹുലിനെയും കണ്ടു വിജയ്; സിപിഐ ആസ്ഥാനവും സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി യാത്ര

സോണിയയെയും രാഹുലിനെയും കണ്ടു വിജയ്; സിപിഐ ആസ്ഥാനവും സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി യാത്ര

by news_desk1
0 comments

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് ദില്ലിയിലെ 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയ വിജയ്‌യെ പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ സ്വീകരിച്ചു. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് വിജയ് ദില്ലിയിലെത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി ദില്ലി സന്ദർശിച്ചപ്പോൾ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും വിജയ് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല. രണ്ടാം ദില്ലി സന്ദർശനത്തിനിടെയാണ് ഇരുവരുമായും കൂടിക്കാഴ്ച സാധ്യമായത്.

ദില്ലി സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും വിജയ് സന്ദർശിച്ചു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് വേദിയിൽ പ്രത്യേക ഇരിപ്പിടം നൽകിയതും ശ്രദ്ധേയമായിരുന്നു. കൂടാതെ, ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ ഉൾപ്പെടുത്തിയ വിജയ്, തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകുകയും ചെയ്തിട്ടുണ്ട്.

You may also like