തൃശ്ശൂർ ജില്ലയിൽ ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൂരം കാണാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കാൻ തീരുമാനം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ചൂട്, സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ശരീരത്തിലെ ജലനഷ്ടം ഒഴിവാക്കാൻ ആവശ്യമായ ബോധവത്കരണം നൽകാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷയും ആംബുലൻസ് സേവനവും തടസ്സമില്ലാതെ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനും പോലീസിനും നിർദേശം നൽകി.
ആനകളുടെ സംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗം വിലയിരുത്തി. ചൂടിൽ നിന്ന് രക്ഷിക്കാൻ തണ്ണിമത്തൻ, വെള്ളരി പോലുള്ള ഫലവർഗങ്ങൾ മതിയായ രീതിയിൽ നൽകുകയും ഇടയ്ക്കിടെ തറ നനയ്ക്കുകയും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ നിർദേശിച്ചു.
പൂരം കാണാനെത്തുന്നവർക്ക് പരമാവധി തണൽ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് മേളവും കുടമാറ്റവും ആസ്വദിക്കാൻ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും സാമൂഹ്യനീതി വിഭാഗത്തോട് കളക്ടർ നിർദ്ദേശിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വകുപ്പ്, തൃശ്ശൂർ കോർപ്പറേഷൻ, ദേവസ്വം അധികൃതർ, വനിതാ-ശിശു വികസന വകുപ്പ്, പെസോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

