മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെ ഒൻപത് പേർക്കും നാട് തേങ്ങലോടെ വിടനൽകി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി. അപകടത്തിൽ മരിച്ചവർക്കായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
കണ്ണീരും വിലാപവും നിറഞ്ഞ അന്തരീക്ഷമായിരുന്നു പാങ്ങ് അമ്പലപ്പറമ്പ് സ്കൂൾ മൈതാനത്ത്. പുലർച്ചെ വരെ നീണ്ട പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തമിഴ്നാട് ഹെൽത്ത് സർവീസിന്റെ ആംബുലൻസുകൾ എത്തിയപ്പോൾ നിയന്ത്രിക്കാനാവാത്ത വിലാപമാണ് ഉയർന്നത്. പ്രിയപ്പെട്ട അധ്യാപകർക്ക് യാത്രാമൊഴി നൽകാൻ സ്കൂൾ യൂണിഫോമിൽ എത്തിയ പിഞ്ചുകുട്ടികളുടെ കാഴ്ച കണ്ടുനിന്നവരുടെ കണ്ണ് നിറയിച്ചു. ഒൻപത് മണിയോടെ ഭൗതികശരീരങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
മരിച്ച മജീദ് മാസ്റ്റർ, ഭാര്യ റൂഖിയ എന്നിവരുടെ സംസ്കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപകരായ റംല, ഷക്കീല, പാചക തൊഴിലാളി സാജിത എന്നിവരുടെ സംസ്കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും നടന്നു. സുഹറ, മകൻ ഹിഷാം എന്നിവരെ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിൽ ഖബറടക്കി. സ്കൂൾ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും അധ്യാപിക ആശയുടെ സംസ്കാരം കൊളത്തൂരിലെ തറവാട്ട് വീട്ടുവളപ്പിലുമാണ് നടന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഒരു നാടിനെയാകെ ഒരേപോലെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് പാങ്ങ് ഗ്രാമം.

