കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ശബരിമല സ്വർണക്കേസിൽ എസ്ഐടി വീണ്ടും ഗുരുതര കണ്ടെത്തലുകൾ പുറത്തുവിട്ടു. സ്വർണം പൂശുന്നതിനായി തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ടിന്റെ ഔദ്യോഗിക കത്ത് അവഗണിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തിരുവാഭരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്രവളപ്പിനുള്ളിൽ തന്നെ നടത്തണമെന്ന നിർദേശമാണ് സൂപ്രണ്ട് 2024 ഒക്ടോബറിൽ ദേവസ്വം മാനുവൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നൽകിയിരുന്നത്. ഈ നിർദേശം പാലിക്കാതെയാണ് നടപടികൾ സ്വീകരിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട് പി.എസ്. പ്രശാന്തിനെയും ദേവസ്വം ബോർഡിന്റെ മുൻ അംഗം അജികുമാറിനെയും കഴിഞ്ഞ ആഴ്ച എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിൽ ഇരുവർക്കും പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു നടപടി. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഒരു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകാനാണ് എസ്ഐടിയുടെ തീരുമാനം. നിലവിൽ ഇരുവരും റിമാൻഡിലാണ്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ഇരുവർക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് റിമാൻഡ് ചെയ്യുന്നതിനിടെ കോടതി നിർദേശിച്ചിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ശബരിമല സ്വർണക്കേസിൽ പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തേണ്ട സാഹചര്യമുള്ളതിനാൽ വിശദമായ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്നാണ് വിവരം. 2025-ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റ് ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്. 2025-ലെ ദ്വാരപാലക പാളി കൈമാറ്റത്തിലും സ്വർണം അപഹരിച്ചെന്ന കണ്ടെത്തലാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്.
ശബരിമല സ്വർണക്കേസിൽ പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നുവെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ കുറ്റകൃത്യം മറച്ചുവയ്ക്കുന്ന തരത്തിൽ പുതിയ ബോർഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വർണം അപഹരിക്കാൻ ഇരുവരും കൂട്ടുനിന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും സാമ്പത്തിക നേട്ടമുണ്ടാക്കാൻ അവസരം ഒരുക്കിയതായും, 2019-ലെ അപഹരണം മറച്ചുവയ്ക്കാനാണ് 2025-ൽ വീണ്ടും സ്വർണം പൂശൽ നടത്തിയതെന്നും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻസിലേക്ക് എത്തിച്ച 12 പാളികളിൽ നാലെണ്ണത്തിൽ നിന്ന് വീണ്ടും സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ വ്യക്തമാക്കുന്നു.
