റിയാദ്: സൗദി അറേബ്യയിൽ ബാച്ചിലർമാർക്കും തൊഴിലാളികൾക്കുമുള്ള കൂട്ടായ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അറിയിച്ചു. 2025 സെപ്റ്റംബർ മുതൽ ഇത്തരം താമസസൗകര്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയതിന് പിന്നാലെ നിയന്ത്രണങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കൂട്ടായ താമസമേഖലയെ കൂടുതൽ ക്രമവൽക്കരിക്കാനും തൊഴിലാളികളുടെ പാർപ്പിടങ്ങളുടെ ഗുണനിലവാരം ഉയർത്താനുമുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ലൈസൻസിംഗ് നടപടികൾ വേഗത്തിലാക്കിയത്. നിയമം പ്രാബല്യത്തിൽ വന്നതോടെ ലൈസൻസിനായുള്ള അപേക്ഷകളിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘ബലദി’ (Balady) പ്ലാറ്റ്‌ഫോം വഴിയാണ് ലൈസൻസുകൾ അനുവദിച്ചത്. ഇതുവഴി ഏകദേശം 10 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള താമസസൗകര്യങ്ങളാണ് ഒരുക്കപ്പെടുന്നത്. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന പാർപ്പിടങ്ങൾ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ താമസസാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും ‘ബലദി’ പ്ലാറ്റ്‌ഫോം വഴി ലൈസൻസ് നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ നിയമവിധേയമാകുന്നത് കൂട്ടായ താമസമേഖലയുടെ സുസ്ഥിരത വർധിപ്പിക്കുമെന്നും വ്യക്തിഗതവും കൂട്ടായതുമായ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

