തൃശൂർ: സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചറുമായി ബന്ധപ്പെട്ട പെൻഷൻ വിവാദത്തിൽ വിശദീകരണവുമായി കുന്നംകുളം മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ മകൻ അജിത് കുമാർ. തന്റെ അമ്മയായ പി.കെ. ശ്രീമതിയുടെ പെൻഷൻ സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചർ വാങ്ങിയിട്ടില്ലെന്നും, പേരിലെ സാമ്യം മൂലമാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
അറിവില്ലായ്മ കൊണ്ടോ മനപ്പൂർവമോ ആണ് ഈ തെറ്റായ പ്രചാരണം നടന്നതെന്ന് അജിത് കുമാർ പറഞ്ഞു. വിഷയത്തിൽ പി.കെ. ശ്രീമതി ടീച്ചർക്ക് തന്റെ നിരുപാധിക പിന്തുണയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കുന്നംകുളം മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചർ കൈപ്പറ്റുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളാണ് നേരത്തെ ഉയർന്നത്. തുടർന്ന് ഈ പ്രചാരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് പി.കെ. ശ്രീമതി ടീച്ചർ രംഗത്തെത്തിയിരുന്നു.
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും, വിഷയത്തിൽ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും പി.കെ. ശ്രീമതി ടീച്ചർ വ്യക്തമാക്കിയിരുന്നു.
