വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
തൂണുകളിൽ പതിപ്പിക്കുന്ന പരസ്യങ്ങൾ അടിയന്തര ഫോൺ നമ്പറുകൾ മറയ്ക്കുന്നതിലൂടെ അപകടസാഹചര്യങ്ങളിൽ വലിയ തടസ്സമാകുന്നതായി അധികൃതർ വ്യക്തമാക്കി. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി തൂണുകളിൽ കയറുന്ന ജീവനക്കാരുടെ സുരക്ഷയ്ക്കും ഇത് ഭീഷണിയാകുന്നു.
ഫ്ലെക്സ്ബോർഡുകളും കൊടിതോരണങ്ങളും കെട്ടുന്നത് ജീവനക്കാരുടെ പ്രവർത്തനത്തെ ബാധിക്കുകയും വൈദ്യുതി ഷോക്കിന് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായും കെഎസ്ഇബി ചൂണ്ടിക്കാട്ടി. കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും പല സ്ഥലങ്ങളിലും ഈ നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
ഇതോടൊപ്പം വൈദ്യുതി തൂണുകളിലെ കേബിൾ കുരുക്കുകളും ഗുരുതര പ്രശ്നമായി തുടരുന്നതായി അധികൃതർ അറിയിച്ചു. കേബിളുകൾക്കിടയിലൂടെ കയറേണ്ടി വരുന്ന ജീവനക്കാർക്ക് അപകടസാധ്യത കൂടുന്നതായി ചൂണ്ടിക്കാട്ടി, ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

