മലപ്പുറം: വഴിക്കടവ് ആനമറിയിൽ വീണ്ടും പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കോഴിക്കൂട് തകർത്താണ് പുലി കോഴികളെ പിടികൂടിയത്.
ആനമറിയിലെ കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലായിരുന്നു സംഭവം. രാവിലെ കോഴിക്കൂട് തകർന്ന നിലയിൽ കണ്ടെത്തിയതോടെയാണ് ആക്രമണ വിവരം പുറത്തറിയുന്നത്. സ്ഥലത്ത് നിന്ന് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചു.
ഇതിന് മുമ്പും പ്രദേശത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മാസം മുൻപ് സമീപവാസിയായ പി ലാത്തൊടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ കൂട് തകർത്ത് താറാവുകളെ പിടികൂടിയിരുന്നു. മുജീബിന്റെ വീട്ടിൽ ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് തവണ പുലിയെത്തിയതായും നാട്ടുകാർ പറയുന്നു.
അതേസമയം, ശനിയാഴ്ച രാത്രി നാടുകാണി ചുരത്തിലെ ഒന്നാം വളവിന് സമീപം പുലി റോഡ് മുറിച്ചുകടന്ന് താഴ്വാര ഭാഗത്തേക്ക് ഇറങ്ങുന്നത് ലോറി ഡ്രൈവർമാർ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. വിവരം ഉടൻ ചെക്‌പോസ്റ്റിലെ പൊലീസിനെ അറിയിച്ചെന്നും പ്രദേശവാസികൾ പറഞ്ഞു.
തുടർച്ചയായി വന്യമൃഗ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

