Home Keralaവാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ; പരിശോധന ശക്തമാക്കും, ഓരോ നിയമലംഘനത്തിനും പിഴ: എംവിഡി

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ; പരിശോധന ശക്തമാക്കും, ഓരോ നിയമലംഘനത്തിനും പിഴ: എംവിഡി

by news_desk1
0 comments

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുന്നു. സംസ്ഥാനത്താകെ പരിശോധന വ്യാപിപ്പിച്ച് വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പ്രത്യേകം പിഴ ചുമത്താനാണ് തീരുമാനം.

പിഴ ഈടാക്കിയ ശേഷം മോഡിഫിക്കേഷൻ മാറ്റി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കുന്നത്.

എല്ലാ ആർ.ടി.ഒമാരും സെപ്റ്റംബർ 3ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗതാഗത കമ്മീഷണറേറ്റ് നിർദേശം നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അനധികൃത മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുകളുള്ള വാഹനങ്ങൾ കണ്ടെത്തണമെന്നും നിർദേശമുണ്ട്.

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കണം.

അനുവദനീയമായ പരിധിയിൽ കൂടുതലായി ലൈറ്റുകൾ ഘടിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. വീതിയേറിയ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടി വേണം.

അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും കളർ ലൈറ്റുകളും വാഹനങ്ങളിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബ്ദവും തീയും പുറപ്പെടുവിക്കുന്ന തരത്തിലുള്ള പുകക്കുഴലുകൾ അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ അവയും കർശനമായി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

You may also like