Home Nationalവിജയ് സർക്കാരിന് വീണ്ടും നിയമന വിവാദം; ‘ജനനായകൻ’ നിർമാതാവിന്റെ ഡൽഹി നിയമനത്തിനെതിരെ വിമർശനം ശക്തം

വിജയ് സർക്കാരിന് വീണ്ടും നിയമന വിവാദം; ‘ജനനായകൻ’ നിർമാതാവിന്റെ ഡൽഹി നിയമനത്തിനെതിരെ വിമർശനം ശക്തം

by news_desk1
0 comments

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പുതിയ നിയമനം വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. വിജയ് നായകനായി അഭിനയിച്ചിട്ടുള്ളതും ഇതുവരെ റിലീസ് ചെയ്യാത്ത ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ നിർമാതാവ് വെങ്കട് കെ. രമണയെ ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

ജൂൺ 23-ന് ചീഫ് സെക്രട്ടറി എം. സായ് കുമാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്കാണ് ഈ താൽക്കാലിക നിയമനം. കർണാടക സ്വദേശിയും ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ തലവനുമായ വെങ്കട്ടിന്റെ നിയമനം തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കി.

വെങ്കട് കെ. രമണ കർണാടകത്തിന്റെ പ്രതിനിധിയാണെന്നും, അത്തരമൊരു വ്യക്തിയെ ഡൽഹിയിൽ തമിഴ്‌നാടിന്റെ മുഖമായി നിയമിച്ചതെന്തിനാണെന്നും കനിമൊഴി ചോദിച്ചു. തമിഴ്‌നാട്ടിൽ ഇത്തരം സുപ്രധാന ചുമതല വഹിക്കാൻ യോഗ്യതയുള്ളവർ ഇല്ലേയെന്നും അവർ പരിഹസിച്ചു.

കോൺഗ്രസിന് മുന്നിൽ ടിവികെ കീഴടങ്ങിയെന്നും, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വേണ്ടിയുള്ള നിയമനമാണിതെന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു.

കർണാടകയിൽ സ്ഥിരതാമസമാക്കിയ ഒരാൾക്ക് ഡൽഹിയിൽ തമിഴ്‌നാടിന്റെ താൽപര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയുമോയെന്നാണ് അണ്ണാഡിഎംകെ നേതൃത്വത്തിന്റെ ചോദ്യം. കാവേരി നദീജല തർക്കം പോലുള്ള അന്തർസംസ്ഥാന വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നിയമനം സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

സെൻസർ ബോർഡുമായുള്ള തർക്കങ്ങളെ തുടർന്ന് റിലീസ് വൈകുന്ന ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട് 500 കോടിയിലധികം രൂപയുടെ സാമ്പത്തിക റിസ്ക് ഏറ്റെടുത്ത വ്യക്തിയാണ് നിർമാതാവ് വെങ്കട് എന്ന് അടുത്തിടെ മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിൽ വിജയ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചപ്പോഴും വെങ്കട് വിജയ്‌ക്കൊപ്പമുണ്ടായിരുന്നു.

സാമ്പത്തിക ബാധ്യത നേരിട്ട നിർമാതാവിന് ഉപകാരസ്മരണയായി സർക്കാർ പദവി നൽകിയെന്ന ആരോപണമാണ് ഇപ്പോൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

You may also like