ദില്ലി: ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബെഞ്ച് രംഗത്ത്. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബെഞ്ചാണ് മുൻ ഉത്തരവിനെതിരെ അസാധാരണ പരാമർശം നടത്തിയത്.
ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് എൻ വി അഞ്ചരിയയും ഉൾപ്പെട്ട ബെഞ്ചാണ് നേരത്തെ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ വിചാരണ ദീർഘിക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന നജീബ് കേസിലെ സുപ്രീം കോടതി വിധി ഉമർ ഖാലിദിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം.
എൻഐഎ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. “ജാമ്യമാണ് ചട്ടം, ജയിൽ അപവാദം” എന്ന സുപ്രീം കോടതിയുടെ അടിസ്ഥാന തത്വം പാലിക്കപ്പെടണം എന്നും ബെഞ്ച് വ്യക്തമാക്കി.
കൈ വെട്ട് കേസിലെ പ്രതിയായ നജീബിന് ജാമ്യം അനുവദിച്ച മൂന്നംഗ സുപ്രീം കോടതി ബെഞ്ച്, വിചാരണ അനാവശ്യമായി നീളുന്ന സാഹചര്യത്തിൽ പ്രതിയെ അനന്തമായി തടവിൽ പാർപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമതത്വം ഉമർ ഖാലിദിന്റെ കേസിലും ബാധകമാകേണ്ടതുണ്ടെന്ന സൂചനയാണ് പുതിയ ബെഞ്ചിന്റെ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

