Home Keralaലത്തീൻ സഭയിൽ അതൃപ്തി ശക്തം; ‘തീരദേശ ശബ്ദം മന്ത്രിസഭയിൽ കേൾക്കുന്നില്ല’

ലത്തീൻ സഭയിൽ അതൃപ്തി ശക്തം; ‘തീരദേശ ശബ്ദം മന്ത്രിസഭയിൽ കേൾക്കുന്നില്ല’

by news_desk1
0 comments

തിരുവനന്തപുരം: എം വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ ലത്തീൻ സഭയിൽ അതൃപ്തി ശക്തമാകുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുൻകൂട്ടി ആവശ്യങ്ങൾ അറിയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നാണ് സഭയുടെ ആരോപണം. മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തർനാടകങ്ങളിൽ തങ്ങളുടെ ആവശ്യം ഒലിച്ചുപോയെന്ന് ലത്തീൻ സഭ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളയമ്പലം ലത്തീൻ സഭ ആസ്ഥാനത്തെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തീരദേശ ജനതയുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന ഒരാൾ മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് സഭ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പല മന്ത്രിമാർക്കും കടൽ എന്താണെന്ന് പോലും അറിയില്ലെന്നും തീരമേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫിഷറീസ് വകുപ്പും അതിന്റെ നേതൃത്വവും മത്സ്യത്തൊഴിലാളി സമൂഹത്തിന് അതീവ പ്രധാനമാണെന്നും മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞ നിലപാട് സ്വീകരിക്കരുതെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.

ഇടത് സർക്കാർ ഒന്നും ചെയ്തില്ലെന്ന അഭിപ്രായമില്ലെങ്കിലും പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ തീരദേശ നാശനഷ്ടങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ പഠനങ്ങൾക്കായി വലിയ തുക ചെലവഴിച്ചിട്ടും പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ലത്തീൻ സഭയ്ക്ക് മന്ത്രിസഭയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സഭാ നേതൃത്വവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.

You may also like