Home Editorialസഭാതലം സമരതലമാക്കരുത്

സഭാതലം സമരതലമാക്കരുത്

by news_desk1
0 comments

കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുകയാണ്. പത്തുവർഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണവും ഐക്യജനാധിപത്യ മുന്നണിയുടെ പ്രതിപക്ഷം എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ബിജെപി ഉൾപ്പെടെയുള്ള കക്ഷികളുടെയും രാഷ്ട്രീയ നിലപാടുകളും വിലയിരുത്തി ജനങ്ങൾ വിധിയെഴുത്തിന് തയ്യാറെടുത്തിരിക്കുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനത്തിന് ഇക്കഴിഞ്ഞ ദിവസമാണ് ഔപചാരികമായ തുടക്കമായത്. ഗവർണറുടെ നയപ്രഖ്യാപനം തന്നെ വെട്ടും തിരുത്തും വിവാദത്തോടെ, ചരിത്രത്തിൽ തന്നെ അപൂർവ്വം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ തുടർഭരണം നേടിയ സർക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനം ജനാധിപത്യ മണ്ഡലത്തിനും വികസന ചരിത്രത്തിലും സമാധാനതകളില്ലാത്ത നാഴിക കല്ലുകൾ അവശേഷിപ്പിച്ച് പൂർത്തിയാകുമെന്നാണ് സർവ്വരും കരുതിയത് വിശ്വസിച്ചിരുന്നത്.

എന്നാൽ തീർത്തും അപക്വമായ രാഷ്ട്രീയവാദപ്രതിവാദങ്ങളുടെ വേദിയായി സഭാതലം മാറി എന്നുള്ളത് വേറെ അപഹാസ്യമാണ്. സംശുദ്ധമായ ജനാധിപത്യത്തിന് കീഴിൽ ജനങ്ങളുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും അനുസരിച്ച് ഉള്ള ക്രിയാത്മകമായ ചർച്ചകളും നടക്കേണ്ട നിയമസഭ സമരവേദിയായി മാറിയിരിക്കുകയാണ്. ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷത്തിന്റെ പോർവിളികളാണ് ഇന്നലെ നിയമസഭയിൽ നടന്നത്. തെരുവിൽ തലതല്ലി ബഹളം ഉണ്ടാക്കുന്ന മനോഭാവത്തിലാണ് ഇരു കൂട്ടരും നിയമസഭയെ ഉപയോഗിച്ചത്. സർക്കാരിന്റെ അവസാന സമ്മേളനം ജനാധിപത്യത്തോടും പാർലമെന്റെറി സംവിധാനത്തോടും ഭരണഘടനയോടും സർവ്വോപരി ജനങ്ങളോടും നീതി പുലർത്തണമായിരുന്നു. പ്രതിപക്ഷം ബഹളം ഉണ്ടാക്കിയാൽ ഭരണപക്ഷം പക്വതയോടു കൂടി അതിനെ നേരിടണമായിരുന്നു. കിട്ടിയ അവസരത്തിൽ രാഷ്ട്രീയ വൈര്യം തീർക്കാൻ അനാവശ്യമായ ആവേശം കാണിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. സഭാ സമ്മേളനം ഒരു ദിവസം ചേർന്ന് അവസാനിക്കുന്നതിന് വരുന്ന ചെലവ് ലക്ഷങ്ങളാണ്. കേരളത്തിൻറെ സാമ്പത്തിക രംഗം വെന്റിലേറ്ററിലാണ്. ആ വസ്തുത മറന്നുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവർ നീരുത്തരവാദപരമായി പെരുമാറുന്നത് ദൗർഭാഗ്യകരമാണ്. നാടിന് ഒരിക്കലും ഭൂഷണമല്ല.

ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. അവിടെയും നാടിനായി ഒരുമിച്ച് നിൽക്കണം. നിയമപരമായ അന്വേഷണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിവാദപരമായ പ്രസ്താവനകളും അനാവശ്യമായ ബഹളങ്ങളും ഉണ്ടാക്കി സർഗാത്മകമായ നീതി നിർവഹണത്തിന്റെയും നിയമനിർമ്മാണത്തിന്റെയും അവസരങ്ങളിൽ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുന്നത് ജനാധിപത്യത്തിന്റെ കരുത്തും പാരമ്പര്യവും എക്കാലവും കാത്തുസൂക്ഷിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ചതല്ല. ഇതൊരു പുതിയ കാലമാണ്. മാറ്റം അനിവാര്യമാണ്. പ്രാകൃതമായ സമര രീതികളുടെയും ഭരണ പ്രതിപക്ഷ രീതികളുടെയും പ്രവർത്തനങ്ങൾ ഇനി വരുന്ന തലമുറയ്ക്ക് കാലത്തിനോ ഒട്ടുമേ അനുയോജ്യമല്ല. തിരുത്തേണ്ടത് തിരുത്തേണ്ടിയിരിക്കുന്നു. അനുഭവസമ്പത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ മുതൽ ഉന്നതമായി ബന്ധങ്ങൾ വരെ നേടിയതിന്റെയും അറിവിലും ഈ നാടിനെ നയിക്കുന്നവർക്ക് ആ ബോധ്യമുണ്ടാവണം. വിമർശനങ്ങളും വിലയിരുത്തലുകൾ സത്യസന്ധവും ജനാധിപത്യപരവുമാവണം. ലോകത്തിനും രാജ്യത്തിനും ഒരുപോലെ മാതൃകയായ കേരള നിയമസഭാ ആ പ്രൗഡിക്കും പാരമ്പര്യത്തിനും അനുസരിച്ച് വേണം ഇനിയും പ്രവർത്തിക്കാൻ. അതിന് കോട്ടം തട്ടുന്ന യാതൊരുവിധ പ്രവർത്തനങ്ങളും ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്ന് ഒരു കാരണവശാലും ഉണ്ടാവാൻ പാടില്ല.

You may also like